
നെടുമങ്ങാട്: നഗരസഭയിലെ പത്താംകല്ലിൽ ഒരു കോടി രൂപ ചെലവഴിച്ച് പുതുതായി ഫ്ലഡ്ലൈറ്റ് സ്റ്റേഡിയം നിർമ്മിക്കും.നെടുമങ്ങാട് നഗരസഭയുടെ ഉടമസ്ഥതയിലുള്ള 65 സെന്റ് സ്ഥലത്താണ് ആധുനിക രീതിയിൽ ഫ്ലഡ്ലൈറ്റ് സ്റ്റേഡിയം ഒരുങ്ങുന്നത്.എല്ലാതരത്തിലുമുള്ള അടിസ്ഥാന സൗകര്യങ്ങളും സ്‌റ്റേഡിയത്തിൽ ഉണ്ടാകും. മന്ത്രി ജി.ആർ.അനിൽ നിർമ്മാണോദ്ഘാടനം നിർവഹിച്ചു.നിലവിലുള്ള സ്‌പോർട്‌സ് കൗൺസിലുകളുടെ മാതൃകയിൽ കൗൺസിലുകൾ രൂപപ്പെടുത്തി കൂടുതൽ ചെറുപ്പക്കാരെ പങ്കാളികളാക്കാനാണ് സർക്കാരിന്റെ ശ്രമമെന്നും പുതുതലമുറയെ ലഹരിക്ക് അടിമപ്പെടാതെ കളിക്കളങ്ങളിലേക്ക് ആകർഷിക്കുകയെന്ന ലക്ഷ്യം ഈ ഉദ്യമത്തിന് പിന്നിലുണ്ടെന്നും മന്ത്രി പറഞ്ഞു. പത്താംകല്ലിൽ നടന്ന ചടങ്ങിൽ നെടുമങ്ങാട് നഗരസഭ ചെയർപേഴ്‌സൺ സി.എസ്.ശ്രീജ അദ്ധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിലർ ഷമീർ സ്വാഗതം പറഞ്ഞു.വൈസ് ചെയർമാർ എസ്.രവീന്ദ്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബി.സതീശൻ,എസ്.സിന്ധു,വസന്തകുമാരി,കൗൺസിലർമാരായ രാജേന്ദ്രൻ, എം.എസ്.ബിനു,സി.പി.എം ഏരിയ സെക്രട്ടറി കെ.പി.പ്രമോഷ്, എൽ.സി സെക്രട്ടറി ബി.നജീബ്,സ്‌പോർട്സ് കേരള ഫൗണ്ടേഷൻ ചീഫ് എൻജിനിയർ അനിൽകുമാർ.പി.കെ തുടങ്ങിയവർ പങ്കെടുത്തു.