കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിയിൽ ടോക്-എച്ച് റസിഡൻഷ്യൽ സ്കൂൾ അദ്ധ്യാപിക അശ്വതി ബാബു (34) കഴിഞ്ഞ 20ന് മരിച്ചത് ചികിത്സാപിഴവ് മൂലമാണെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും കുടുംബം. ഭാര്യയുടെ മരണത്തിൽ ഗുരുതരമായ പിഴവാണ് താലൂക്ക് ആശുപത്രിയിൽ നിന്നുണ്ടായതെന്ന് ഭർത്താവ് ശ്രീഹരി വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
പെട്ടെന്നുണ്ടായ ഛർദ്ദിമൂലം ആശുപത്രിയിലെത്തിച്ച യുവതിക്ക് ഇഞ്ചക്ഷൻ നൽകുകയും ഡ്രിപ്പിടുകയും ചെയ്തിരുന്നു. അസ്വസ്ഥത പ്രകടിപ്പിച്ചപ്പോൾ സി.ടി സ്കാനെടുക്കുന്നതിന് മയക്കുന്നതിനുള്ള ഇഞ്ചക്ഷൻ നൽകി. അതിനുശേഷം അബോധാവസ്ഥയിലായി. ചുണ്ടുകൾ കറുത്തു. പൾസില്ലാതായി. ഇക്കാര്യം അറിയിച്ചിട്ടും ഡോക്ടർ പരിശോധിച്ചില്ല. രണ്ടു മണിക്കൂറോളം സ്ട്രെച്ചറിൽ കിടന്ന രോഗി മരിച്ച അവസ്ഥയിലാണ് ഐ.സി.യുവിൽ പ്രവേശിപ്പിച്ചത്.
ഹൃദയാഘാതം ഉണ്ടായി മരിച്ചെന്നാണ് അധികൃതർ പറഞ്ഞത്. രോഗി ഗുരുതരാവസ്ഥയിലാണെന്ന് പറഞ്ഞിട്ടും വേണ്ട പരിശോധന നടത്താനോ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാനോ തയ്യാറായില്ല. അശ്വതിയുടെ വയറ്റിൽ പഴുപ്പുണ്ടായിരുന്നെന്നും അത് ഇൻഫക്ഷനായതാണ് മരണകാരണമെന്നുമാണ് ആശുപത്രി സൂപ്രണ്ട് മാദ്ധ്യമങ്ങളോട് പറഞ്ഞത്. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതിനുമുമ്പേ സൂപ്രണ്ട് ഇത്തരത്തിൽ വിശദീകരിച്ചത് സംശയാസ്പദമാണെന്നും ശ്രീഹരി പറഞ്ഞു.