
തിരുവനന്തപുരം: പ്രശസ്ത ആർക്കിടെക്ടും അക്കാഡമീഷ്യനുമായ എൻ. മഹേഷിന്റെ അമ്പത് വർഷത്തെ പ്രൊഫഷണൽ സംഭാവനകളെ ആദരിക്കുന്നതിനായി ഇന്നു മുതൽ 27 വരെ തലസ്ഥാനത്ത് പ്രത്യേക പരിപാടികൾ നടക്കും. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ 27ന് വൈകിട്ട് 6.30ന് ഹോട്ടൽ ഒ ബൈ താമരയിൽ ഉദ്ഘാടനം ചെയ്യും.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്റ്റ്സ് (ഐ.ഐ.എ) ട്രിവാൻഡ്രം സെന്ററും കോളേജ് ഓഫ് ആർക്കിടെക്ചർ ട്രിവാൻഡ്രവും (സി.എ.ടി) സംയുക്തമായിട്ടാണ് സംഘടിപ്പിക്കുന്നത്.
എൻ. മഹേഷിന്റെ രൂപകൽപനകളുടെ പ്രദർശനം കനകക്കുന്ന് കൊട്ടാരത്തിൽ ഇന്നും നാളെയും രാവിലെ 10 മുതൽ രാത്രി 8 വരെ നടക്കും.
ആർക്കിടെക്ചർ രംഗത്ത് അഞ്ച് പതിറ്റാണ്ട് പൂർത്തിയാക്കുന്ന സാഹചര്യത്തിലാണ് ആദരമായി പ്രത്യേക ചടങ്ങ് സംഘടിപ്പിക്കാൻ തീരുമാനിച്ചതെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു
ഇന്ത്യയിൽ ടിംബർ ആർക്കിടെക്ചർ ശൈലി വിപുലമായി നടപ്പാക്കിയത് മഹേഷാണ്. ഈ ശൈലി ഉപയോഗിച്ച് ഇന്ത്യയിലും വിദേശത്തുമായി 30ഓളം സ്റ്റാർ ഹോട്ടലുകൾ ഡിസൈൻ ചെയ്തിട്ടുണ്ട്. താജ്, റാഡിസൺ, ഹയാത്ത്, ഹിൽട്ടൺ, ലീല റാവിസ്, നൊവാടെൽ തുടങ്ങി വിവിധ ഹോട്ടലുകൾ രൂപകൽപന ചെയ്തു. ഇന്ത്യയിലെ മികച്ച ഫൈവ് സ്റ്റാർ ഹോട്ടൽ ഡിസൈനർമാരിൽ ആദ്യ അഞ്ചു പേരിൽ ഒരാളാണ്.
കോളേജ് ഓഫ് ആർക്കിടെക്ചർ ട്രിവാൻഡ്രം 2011ൽ മഹേഷാണ് സ്ഥാപിച്ചത്. സ്ഥാപനത്തിന്റെ ചെയർമാനും മാനേജിംഗ് ട്രസ്റ്റിയുമാണ്. നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. മുൻ രാഷ്ട്രപതി ഡോ. എ. പി. ജെ അബ്ദുൾ കലാമിൽ നിന്നും പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ആർക്കിടെക്ചറുമായി ബന്ധപ്പെട്ട് പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഐ.ഐ.എ ചെയർമാൻ ആർ. ജയകൃഷ്ണൻ, സെക്രട്ടറി ആരതി ബിനായക്, കോളേജ് ഓഫ് ആർക്കിടെക്ചർ ട്രിവാൻഡ്രത്തിന്റെ ഡയറക്ടർ പ്രൊഫ. ജെ. ജയകുമാർ, ഡയറക്ടർ ജെ. പി. ശിവ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.