photo

പാലോട്: മഴ ശക്തമായി പെയ്യുന്നുണ്ടെങ്കിലും ഗ്രാമീണ മേഖലയിൽ ശുദ്ധജലക്ഷാമം രൂക്ഷമാണ്. എന്നിട്ടും അധികാരികളുടെ ഭാഗത്തു നിന്നും നടപടിയുണ്ടാകുന്നില്ല. തോടുകളിലും ആറുകളിലും മാലിന്യം നിറഞ്ഞതോടെ കുടിവെള്ളം മുട്ടിയ അവസ്ഥയാണ്. നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകളിലെ ആദിവാസി മേഖലകളിലും കോളനികളിലും വെള്ളം കിട്ടാനില്ല. കുടിവെള്ളപ്പൈപ്പിൽ ഭൂരിഭാഗം സ്ഥലങ്ങളിലും ജലവിതരണം നിശ്ചലമാണ്. ജലവിതരണ പൈപ്പുകൾ സ്ഥാപിക്കുന്ന ജോലി ഇപ്പോഴും തുടരുന്നതിനാൽ ജലവിതരണം ഉടനെയൊന്നും കാണാൻ സാദ്ധ്യതയില്ല. പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന കുടുംബങ്ങളാണ് ഇപ്പോൾ കുടിവെള്ളത്തിനായി വലയുന്നത്.

മിക്ക ദിവസങ്ങളിലും പൈപ്പുകളിൽ വെള്ളമുണ്ടാകാറില്ലെന്നാണ് നാട്ടുകാരുടെ പരാതി.

2009ൽ 60കോടി നിർമ്മാണച്ചെലവിൽ ആരംഭിച്ച നന്ദിയോട്-ആനാട് സമഗ്ര കുടിവെള്ള പദ്ധതി 2025 ആയിട്ടും എങ്ങുമെത്തിയിട്ടില്ല. രണ്ടു പഞ്ചായത്തുകളിലെയും കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമാകുമെന്ന് പ്രഖ്യാപിച്ച പദ്ധതിയാണിത്. നന്ദിയോട് പഞ്ചായത്തിലെ കുടിവെള്ളപ്രശ്നം 2021ൽ പരിഹരിക്കുമെന്ന് ഉറപ്പു നൽകിയിരുന്നെങ്കിലും ഒന്നും നടന്നില്ലെന്നു മാത്രമല്ല ഉണ്ടായിരുന്ന പൈപ്പുകൾ കൂടി നശിച്ച നിലയിലാണ്.

മാലിന്യവാഹിനിയായി നദികൾ

പ്ലാസ്റ്റിക്, അറവ് മാലിന്യങ്ങൾ അടിഞ്ഞുകൂടി വാമനപുരം നദിയിലെ കുടിവെള്ള പദ്ധതി പ്രദേശങ്ങൾ മലിനമായിട്ടുണ്ട്. കുടിവെള്ള പദ്ധതി പ്രദേശങ്ങളായ പാലോട്, ചെറ്റച്ചൽ, താവയ്ക്കൽ, കുണ്ടാളംകുഴി എന്നിവിടങ്ങളിലേക്ക് ജലമെത്തിക്കുന്ന വാമനപുരം നദിയാണ് നിലവിൽ മാലിന്യവാഹിനിയന്നു പറയാം. ഈ നദിയിൽ നിന്ന് ശേഖരിക്കുന്ന വെള്ളമാണ് ഉപഭോക്താക്കൾക്ക് കുടിവെള്ളമായി ലഭിക്കുന്നത്. ഈ ജലത്തിൽ ബ്ലീച്ചിംഗ് പൗഡർ ഇട്ടാണ് കുടിവെള്ളമായി നൽകുന്നത്.

രാസപരിശോധന നടത്തുന്നില്ല

ജലത്തിന്റെ രാസപരിശോധന നടന്നിട്ട് മാസങ്ങളാകുന്നു. ഇത് കടുത്ത ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടവരുത്തുമെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. പാലോട് ആറ്റുകടവിൽ നിന്ന് ശേഖരിക്കുന്ന വെള്ളം നന്ദിയോട് പഞ്ചായത്തിന് സമീപത്തെ കുടിവെള്ള ടാങ്കിലെത്തിച്ചാണ് വിവിധ ഭാഗങ്ങളിലേക്കുള്ള പൈപ്പുകളിലൂടെ ജനങ്ങൾക്ക് എത്തുന്നത്.

ആശ്രയം പൈപ്പ് വെള്ളം

ഗ്രാമീണ മേഖലയിലെ മിക്കസ്ഥലങ്ങളിലും പൈപ്പ് ലൈനുകളിലൂടെ ലഭിക്കുന്ന കുടിവെള്ളമാണ് ആശ്രയം. പാറ നിറഞ്ഞ പ്രദേശമായതിനാൽ ഇവിടങ്ങളിൽ കിണർ വെള്ളം ലഭിക്കില്ല. ജനങ്ങൾ കിലോമീറ്ററുകളോളം നടന്നാണ് കുടിവെള്ളം ശേഖരിക്കുന്നത്. ഈ പ്രദേശവാസികൾക്ക് അടിയന്തര പ്രാധാന്യത്തോടെ കുടിവെള്ളം ലഭ്യമാക്കാൻ നടപടിയെടുക്കണം.

വാട്ടർ അതോറിട്ടിയുടെ അനാസ്ഥ

ജല അതോറിട്ടിയുടെ പൈപ്പ് ലൈനിൽ കൂടി ലഭിക്കുന്ന കുടിവെള്ളം ലഭിച്ചിട്ട് മാസങ്ങളായി. എന്നാൽ മുടങ്ങാതെ ബില്ല് ലഭിക്കുന്നുണ്ട്. നന്ദിയോട് പെരിങ്ങമ്മല പഞ്ചായത്തുകളിലെ ഉൾമേഖലകളിൽ കുടിവെള്ളം ലഭിച്ചിട്ട് മാസങ്ങളായി. നിരവധി തവണ വാട്ടർ അതോറിട്ടിയുടെ നന്ദിയോട്ടെ ഓഫീസിലെത്തി പരാതി പറഞ്ഞെങ്കിലും നടപടിയുണ്ടായില്ല. നിരവധി സ്ഥലങ്ങളിൽ കുടിവെള്ള പൈപ്പുകൾ പൊട്ടിയതും ജലവിതരണത്തെ ബാധിച്ചിട്ടുണ്ട്. അടിയന്തരമായി പരിഹാരം കാണണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരമാരംഭിക്കുമെന്നും നാട്ടുകാർ പറഞ്ഞു.