കഴക്കൂട്ടം: ഐ.ടി ജീവനക്കാരിയെ ഹോസ്റ്റൽ മുറിയിൽ കയറി പീഡിപ്പിച്ച കേസിൽ റിമാൻഡിലായ മധുര സ്വദേശി ബഞ്ചമിനെ കഴക്കൂട്ടം പൊലീസ് ഒരാഴ്ച കസ്റ്റഡിയിൽ വാങ്ങി. തെളിവെടുപ്പിനായി ഇന്ന് തമിഴ്നാട്ടിലേക്ക് കൊണ്ടുപോകും. നാളെ കഴക്കൂട്ടത്തെ ഹോസ്റ്റലിൽ പൊലീസ് തെളിവെടുപ്പ് നടത്തും.
യുവതിയെ പീഡിപ്പിച്ചശേഷം പ്രതി തമിഴ്നാട്ടിലേക്കാണ് രക്ഷപ്പെട്ടത്. തമിഴ്നാട്ടിൽ സമാനമായ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുള്ള ഇയാളുടെ പശ്ചാത്തലമറിയാനാണ് തെളിവെടുപ്പ്. അതേസമയം കഴക്കൂട്ടത്ത് സുരക്ഷ ശക്തമാക്കാൻ കഴക്കൂട്ടം പൊലീസ് തീരുമാനിച്ചു. ഹോസ്റ്റലുകൾ,ഹോംസ്റ്രേ എന്നിവയുടെ നടത്തിപ്പുകാരെ വിളിച്ചുവരുത്തി പ്രത്യേക യോഗം ചേർന്ന് നിർദ്ദേശങ്ങൾ നൽകിയതായി കഴക്കൂട്ടം സി.ഐ ജെ.എസ്.പ്രവീൺ കേരളകൗമുദിയോട് പറഞ്ഞു.
നൂറിലധികം ഹോസ്റ്റലുകളുള്ളതിൽ 80 ശതമാനത്തോളവും ലൈസൻസില്ലാതെയാണ് പ്രവർത്തിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. മിക്കയിടത്തും സുരക്ഷാ ക്യാമറകളും വേണ്ടത്ര ലൈറ്റുകളും സ്ഥാപിച്ചിട്ടില്ല. പ്രദേശത്ത് പേരിനുപോലും സുരക്ഷയില്ലെന്ന് കേരളകൗമുദി വാർത്ത നൽകിയിരുന്നു.
പൊലീസിന്റെ നിർദ്ദേശങ്ങൾ
---------------------------------------------------
ഹോസ്റ്റൽ നടത്തിപ്പുകാർ നിർബന്ധമായും
കോർപ്പറേഷനിൽ ലൈസൻസ് എടുത്തിരിക്കണം
എല്ലായിടത്തും ഫുൾടൈം സെക്യൂരിറ്റി
വാർഡന്മാരെ നിയമിക്കണം
സി.സി ടിവി ക്യാമറകൾ സ്ഥാപിക്കണം
താമസക്കാർ എവിടെ ജോലി ചെയ്യുന്നു
എന്നതടക്കമുള്ള വിവരങ്ങളടങ്ങിയ
രജിസ്റ്റർ സൂക്ഷിക്കണം
ഹോസ്റ്റൽ ജീവനക്കാർ പൊലീസ് ക്ളിയറൻസ്
സർട്ടിഫിക്കറ്റ് നിർബന്ധമായെടുക്കണം
ലൈറ്റുകൾ സ്ഥാപിക്കണം
വിരലടയാളം പതിച്ച് താമസസ്ഥലത്തേക്ക് പ്രവേശിക്കാനുള്ള
സംവിധാനം വാതിലുകൾക്ക് മുന്നിൽ സജ്ജമാക്കണം
ഇതുസംബന്ധിച്ച് പൊലീസ് ഉടൻ നോട്ടീസ് നൽകും. നിശ്ചിത സമയത്തിനകം
സൗകര്യങ്ങൾ ഏർപ്പെടുത്താനാണ് നിർദ്ദേശം.