തിരുവനന്തപുരം: സംസ്ഥാന പ്രസിഡന്റും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ മഴ നനഞ്ഞ് റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച് നേതൃത്വം നൽകിയതോടെ ഇന്നലെ സന്ധ്യയ്‌ക്ക് ആരംഭിച്ച ബി.ജെ.പിയുടെ രാപകൽ സമരത്തിനെത്തിയ പ്രവർത്തകരും ആവേശത്തിലായി.

സംസ്ഥാന പ്രസിഡന്റിനൊപ്പം പി.കെ.കൃഷ്ണദാസ്,ശോഭാസുരേന്ദ്രൻ,എസ്.സുരേഷ്,എം.ടി.രമേശ്,അനൂപ് ആന്റണി എന്നിവരും നിലത്ത് കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. ഇതോടെ ഉത്സാഹഭരിതരായ പ്രവർത്തകർ ഭജനയും മുദ്രാവാക്യം വിളിയും പാട്ടും ഒക്കെയായി സമരവേദി ഉഷാറാക്കി. രാത്രി വൈകിയും വിവിധ കേന്ദ്രങ്ങളിൽ നിന്ന് പ്രവർത്തകരെത്തിയിരുന്നു. ഒരുവശത്ത് നിരീക്ഷണത്തിനായി പൊലീസും നിരന്നു.

സെക്രട്ടേറിയറ്റിന്റെ നോർത്ത് ഗേറ്റിന് മുന്നിലായിരുന്നു പ്രധാന സമരം, തെക്കേഗേറ്റിലും ഗവ. പ്രസ് റോഡിലെ ഗേറ്റിലും ഉപരോധമുണ്ടായിരുന്നു. വൈകിട്ട് ഏഴോടെ നൂറുകണക്കിന് പ്രവർത്തകർ പ്രകടനമായി സെക്രട്ടേറിയറ്റിലേക്ക് എത്തിയാണ് ഉപരോധം തുടങ്ങിയത്.

ഉദ്ഘാടനം ഇല്ലായിരുന്നെങ്കിലും മുൻ സംസ്ഥാന പ്രസിഡന്റ് പി.കെ.കൃഷ്‌ണദാസ് മുഖ്യപ്രഭാഷണം നടത്തി. ദൈവത്തിന്റെ സ്വർണം മോഷ്ടിച്ച ഈ സർക്കാർ കേരളത്തിന് മാത്രമല്ല, രാജ്യത്തിന് മാത്രമല്ല, ലോകത്തിന് തന്നെ അപമാനമാണ്. പോറ്റിയെ അല്ല, പോറ്റിയെ പോറ്റി വളർത്തിയ സി.പി.എം നേതാക്കളെയാണ് അറസ്റ്റ് ചെയ്യേണ്ടത്. കേരളത്തിലെ ഹിന്ദു ക്ഷേത്രങ്ങളിൽ നിന്നും ഈ സർക്കാർ സ്വത്തുക്കൾ അടിച്ചുമാറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു.

സ്വർണക്കടത്തിൽ രാജിവച്ച് പുറത്തുവന്ന് സർക്കാർ ഉത്തരം പറയണമെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. ഇന്ന് രാവിലെ 11ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സമരം ഉദ്ഘാടനം ചെയ്യും.