വിതുര:തൊളിക്കോട് സ്വദേശി മുഹമ്മദ് അനസിനെ പമ്പാനദിയിൽ കാണാതായിട്ട് രണ്ടാഴ്ചയാകുന്നു. പ്രശ്നത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ട് ‌‌ഡി.സി.സി ജനറൽസെക്രട്ടറിയും, തൊളിക്കോട് പഞ്ചായത്ത് സ്റ്റാൻഡിംഗ്കമ്മിറ്റിചെയർമാനുമായ തോട്ടുമുക്ക് അൻസറും,അനസിൻെറ ബന്ധുക്കളും മുഖ്യമന്ത്രിക്ക് നിവേദനം നൽകി. തൊളിക്കോട് പുളിമൂട് ഇരുത്തലമൂല അനസ് മൻസിലിൽ വഹാബിന്റെയും സൈഫിൻസയുടേയും മകനും മലഞ്ചരക്ക് വ്യാപാരിയുമായ മുഹമ്മദ് അനസിനെ (31) 13നാണ് പമ്പാനദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായത്. നാവികസേനയും സ്കൂബാടീമും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അടയ്ക്കാവ്യാപാരിയായ അനസ് കച്ചവടം കഴിഞ്ഞ് ഇക്കഴിഞ്ഞ 13 ന്പത്തനംതിട്ടയിൽ നിന്ന് മടങ്ങവേ 5.30ഓടെ രണ്ട് സുഹൃത്തുക്കൾക്കൊപ്പം കാഞ്ഞീറ്റുകര മൂഴിക്കൽകടവിനും തോട്ടാവള്ളി കടവിനും ഇടയിൽ കുളിക്കാനിറങ്ങി. ശക്തമായ മഴയായതിനാൽ നദി നിറഞ്ഞൊഴുകുകയായിരുന്നു. നദിയിൽ മുങ്ങിത്താഴ്ന്ന അനസിനെ രക്ഷിക്കാൻ സുഹൃത്തുക്കൾ ശ്രമിച്ചെങ്കിലും ഒഴുക്കിൽപ്പെടുകയായിരുന്നു. തെരച്ചിൽ തുടരുകയാണിപ്പോഴും.