arkk

തിരുവനന്തപുരം: 'കോബാങ്ക് ടവർ ഇദ്ദേഹമാണോ രൂപകല്പന ചെയ്തത് ! ഹിൽറ്റൺ ഹോട്ടലും?!' കനകക്കുന്ന് കൊട്ടാരത്തിൽ ആർക്കിടെക്ട് എൻ.മഹേഷിന്റെ രൂപകല്പനകളുടെ പ്രദർശനം കാണാനെത്തിയ ആർക്കിടെക്ചർ വിദ്യാർത്ഥി ആകാശിന് അദ്ഭുതം. നിത്യേന നഗരവീഥികളിൽ കണ്ട് പഴകിയ കെട്ടിടങ്ങൾക്ക് പിന്നിലെ 'മാസ്റ്റർമൈൻഡിനെ' തിരിച്ചറിഞ്ഞത് പലർക്കും കൗതുകമായി. വാസ്തുവിദ്യാ മേഖലയിൽ അരനൂറ്റാണ്ട് പിന്നിടുന്ന എൻ.മഹേഷിന്റെ സംഭാവനകളെ ആദരിക്കുന്നതിനാണ് കനകക്കുന്നിൽ പ്രദർശനം സംഘടിപ്പിച്ചത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആർക്കിടെക്റ്റ്സ്(ഐ.ഐ.എ) ട്രിവാൻഡ്രം സെന്ററും കോളേജ് ഒഫ് ആർക്കിടെക്ചർ ട്രിവാൻഡ്രവും (സി.എ.ടി) സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. അച്ഛന്റെ സഹോദരനും ആർക്കിടെക്ടുമായ രാമസ്വാമി അയ്യരുടെ ശിക്ഷണത്തിൽ ആരംഭിച്ച മഹേഷിന്റെ വാസ്തുവിദ്യായാത്രയെ വിവിധ കാലഘട്ടങ്ങളിലൂടെയാണ് പ്രദർശനത്തിൽ അവതരിപ്പിക്കുന്നത്. തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിൽ((സി.ഇ.ടി) നിന്ന് പഠിച്ചിറങ്ങിയതും പ്രമുഖ ആർക്കിടെക്ട് ചാൾസ് കൊറിയയുമായി ചേർന്ന് പ്രവർത്തിച്ചതുമെല്ലാം കാലഘട്ടങ്ങളിലൂടെ മനസിലാക്കാം. 1978ൽ തിരുവനന്തപുരം റെയിൽവേ സ്റ്റേഷന്റെ സംരക്ഷണവും റി-അഡാപ്റ്റേഷനുമുൾപ്പെടെ എൻ.മഹേഷ് നിർവഹിച്ചു. ഒട്ടുമിക്ക കെട്ടിടങ്ങളുടെയും പെൻസിൽ സ്കെച്ചുകളും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 26-ാം വയസിൽ രൂപകല്പന ചെയ്ത കന്യാകുമാരി റെയിൽവേ സ്റ്റേഷന്റെ മാതൃകയും ഇതിലുണ്ട്. അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി എം.ജി.ആർ,മോഡലിന്റെ ദ്രവീഡിയൻ വാസ്തുവിദ്യയിൽ ആകൃഷ്ടനായിരുന്നു. പ്രദർശനം ഇന്ന് സമാപിക്കും.രാവിലെ 10 മുതൽ രാത്രി 8 വരെയാണ് സമയം.

ലോകോത്തര ബ്രാൻഡുകൾ

താമര,ഹിൽട്ടൺ,ഹയാത്ത്,ടാജ്, ട്രൈഡന്റ്, ലീല,റാവിസ്,റാഡിസൺ,മാരിയറ്റ്,ലളിത് ഇന്റർകോണ്ടിനന്റൽ,അനന്ത ഉൾപ്പെടെ മഹേഷ് രൂപകല്പന ചെയ്ത ബ്രാൻഡുകളുടെ ചിത്രങ്ങൾ പ്രദർശനത്തിലുണ്ട്. ആക്കുളം ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ,പൂവാർ ഐലൻഡ് റിസോർട്ട് എന്നിവയും രൂപകല്പന ചെയ്തത് അദ്ദേഹമാണ്. കേരളത്തിൽ ഏറെകാലം ഏറ്റവും ഉയരമുള്ള കെട്ടിടമായിരുന്നു മഹേഷ് രൂപകല്പന ചെയ്ത കോബാങ്ക് ടവർ. നാലുകെട്ട് മാതൃകയിലുള്ള സ്വന്തം വീടിന്റെ പ്ലാനും പ്രദർശനത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.