as

കേരളത്തിലെ ആരോഗ്യ മേഖല മെച്ചപ്പെടുത്തുന്നതിനായി ലോക ബാങ്ക് 2455 കോടി രൂപ വായ്‌പയായി അനുവദിച്ചിരിക്കുന്നു. ഈ തുക 25 വർഷം കൊണ്ട് തിരിച്ചടച്ചാൽ മതി. 5 വർഷത്തെ ഗ്രേസ് പീരിയഡും ലഭിക്കും. കേരളത്തിലെ ആരോഗ്യപരമായി ദുർബലരായവരുടെ ആയുർദൈർഘ്യവും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനാണ് പദ്ധതി. പല ആരോഗ്യമേഖലയിലും മെച്ചപ്പെട്ട നിലയിലാണെങ്കിലും പ്രമേഹം, രക്തസമ്മർദ്ദം, അർബുദം പോലെയുള്ള രോഗങ്ങൾ കേരളത്തിൽ വർദ്ധിച്ചുവരികയാണെന്ന് ലോക ബാങ്ക് ചൂണ്ടിക്കാട്ടുന്നു. പ്രമേഹം, രക്തസമ്മർദ്ദം എന്നിവയുമായി ബന്ധപ്പെട്ട് ആശുപത്രികളിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന 90 ശതമാനത്തോളം രോഗികൾക്ക് ഇലക്ട്രോണിക്സ് ട്രാക്കിംഗ് സംവിധാനത്തിലൂടെ ചികിത്സയും പിന്തുണയും ഒരുക്കുന്നതിനായാണ് പണം ചെലവഴിക്കുക. കിടപ്പുരോഗികൾക്ക് വീട്ടിലെത്തി ചികിത്സ നൽകുന്നതും പദ്ധതിയുടെ ഭാഗമാണ്.

ആരോഗ്യരംഗത്ത് കേരളം പല മേഖലകളിലും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വർഷങ്ങളായി ഏറെ മുന്നിലാണെങ്കിലും ക്യാൻസർ രോഗികളുടെ എണ്ണം ഏറ്റവും ഉയർന്നു നിൽക്കുന്ന സംസ്ഥാനം കൂടിയാണ് നമ്മു‌ടേത്. ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച് ഏറ്റവും ഒടുവിൽ നടത്തിയ പഠനത്തിൽ പറയുന്നത് ആറ് പുരുഷന്മാരിൽ ഒരാൾക്ക് വീതവും എട്ട് വനിതകളിൽ ഒരാൾക്ക് വീതവും 75 വയസിന് മുമ്പ് ക്യാൻസർ ബാധിക്കാനുള്ള സാദ്ധ്യത ഉണ്ടെന്നാണ്. തിരുവനന്തപുരം, കോട്ടയം, തൃശൂർ, എറണാകുളം, മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് ഏറ്റവും കൂടുതൽ ക്യാൻസർ രോഗികളുള്ളത്. ദേശീയ ശരാശരി അനുസരിച്ച് ഒരു ലക്ഷം പേരിൽ 136 പേർക്കാണ് ക്യാൻസർ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാൽ കേരളത്തിൽ ഇത് 168 ആണ്. ഭക്ഷണം ഉൾപ്പെടെ ജീവിതശൈലിയിൽ വന്ന അനാരോഗ്യകരമായ പ്രവണതകളാണ് ക്യാൻസർ രോഗം വർദ്ധിക്കാനുള്ള പ്രധാന കാരണമായി ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നത്. ക്യാൻസർ വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ ശ്രദ്ധ ക്യാൻസർ ബാധിക്കാതിരിക്കാനുള്ള മുൻകരുതലുകൾക്കും പ്രതിരോധ നടപടികൾക്കും കേരളം നൽകേണ്ടതുണ്ട്.

അതുപോലെ തന്നെ കേരളം അടിയന്തരമായി ആരോഗ്യരംഗത്ത് നടപ്പാക്കേണ്ട ഒന്നാണ് എഴുപതു വയസും അതിനു മുകളിലും പ്രായമുള്ള രാജ്യത്തെ എല്ലാ പൗരന്മാരെയും സാമ്പത്തിക സ്ഥിതി പരിഗണിക്കാതെ ദേശീയ ഇൻഷ്വറൻസ് പദ്ധതിയായ ആയുഷ്‌മാൻ ഭാരതിന് കീഴിലാക്കുക എന്നത്. ഈ പദ്ധതിയുടെ എഴുപതു ശതമാനം ചെലവും കേന്ദ്രമാണ് വഹിക്കുക. 30 ശതമാനം അതാത് സംസ്ഥാനങ്ങൾ വഹിക്കണം. ഇക്കാരണം പറഞ്ഞ് കേരളം ഇതുവരെ പദ്ധതിയുടെ ഭാഗമായിട്ടില്ല. ഈ തീരുമാനം രാജ്യത്തുടനീളമുള്ള ആറുകോടി മുതിർന്ന പൗരന്മാരുള്ള 4.5 കോടി കുടുംബങ്ങൾക്ക് പ്രയോജനം ചെയ്യുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചതാണെങ്കിലും കേരളത്തിൽ ഇതുവരെയും ആർക്കും ഇതിന്റെ പ്രയോജനം ലഭിച്ചിട്ടില്ല. പി.എം. ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിനേക്കാൾ പ്രധാനമാണ് ഈ പദ്ധതി. കേരളം പല കേന്ദ്ര പദ്ധതികളോടും മുഖം തിരിഞ്ഞ് നിൽക്കുന്നതിന്റെ നഷ്ടം ഇവിടത്തെ സാധാരണ ജനങ്ങളാണ് അനുഭവിക്കേണ്ടിവരുന്നത്.

അതുപോലെ തന്നെ കാരുണ്യ പദ്ധതി പ്രകാരം ആശുപത്രികൾക്ക് നൽകേണ്ട കുടിശിക 40 കോടിയിലേറെ ആയതിനാൽ പല ആശുപത്രികളും ഈ സേവനം നിറുത്തിവച്ചിരിക്കുകയാണ്. ആരോഗ്യമേഖലയ്ക്ക് ലഭിക്കുന്ന പണം ഇതുപോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനായും ചെലവഴിക്കേണ്ടതാണ്. 2023-ൽ ആരോഗ്യവകുപ്പ് നൽകിയ പദ്ധതിയാണ് ലോക ബാങ്ക് ഇപ്പോൾ അംഗീകരിച്ചിരിക്കുന്നത്. പദ്ധതിക്ക് പണം മുൻകൂർ നൽകില്ല. ലോക ബാങ്ക് നിർദ്ദേശിക്കുന്ന ലക്ഷ്യങ്ങൾ കൈവരിക്കുന്ന മുറയ്ക്കേ ലഭിക്കൂ. അതിനാൽ തദ്ദേശസ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ വയോജന ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ ലോകത്തിന് മാതൃകയാവുന്ന പ്രവർത്തനം ആരോഗ്യവകുപ്പ് നടത്തേണ്ടതാണ്.