k

തിരുവനന്തപുരം: സ്ത്രീകൾക്ക് വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യപുരോഗതി ഉറപ്പാക്കാൻ പട്ടം സ്വദേശി ബി.പി.ബിജു ബുള്ളറ്റിൽ നടത്തുന്ന ദേശീയപര്യടനം നാളെ തിരുവനന്തപുരത്ത് സമാപിക്കും. 22 മാസം പൂർത്തിയാക്കിയ യാത്രയിൽ രാജ്യത്തെ 500 ഓളം സ്കൂളുകളിലെ 75000 വിദ്യാർത്ഥിനികളുമായി ബിജു സംവദിച്ചു. 2024 ജനുവരി ഒന്നിന് കന്യാകുമാരിയിൽ നിന്നാണ് ആക്സിസ് ബാങ്ക് മുൻ ഏരിയ വൈസ് പ്രസിഡന്റായ ബിജു യാത്ര ആരംഭിച്ചത്. ട്രിവാൻഡ്രം ക്ലബിന് മുന്നിലായിരുന്നു ഫ്ലാഗ് ഓഫ്. കന്യാകുമാരിയിൽ നിന്നും തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലുങ്കാന, ചത്തീസ്ഗഢ്, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിലൂടെയായിരുന്നു യാത്ര. കഴിഞ്ഞമാസം മൈസൂരിൽ നിന്നും വയനാട് വഴി കേരളത്തിലെത്തി. 44350 കിലോമീറ്റർ പൂർത്തിയാക്കി. അടൂരിലാണ് ബിജു ഇപ്പോഴുള്ളത്. കോഴിക്കോട് എ.ഐ.എമ്മിലെ പൂർവവിദ്യാർത്ഥിയാണ് ബിജു. 2016ൽ കേരളത്തിൽ നിന്നും രാജസ്ഥാനിലേയ്ക്ക് 12 ദിവസത്തെ യാത്ര നടത്തിയിരുന്നു. അന്നു മുതലുള്ള സ്വപ്നമാണ് ഇന്ത്യായാത്ര. ബാങ്കിൽ നിന്നും വിരമിച്ച ശേഷം യാത്രക്കായി സമയം നീക്കിവയ്ക്കുകയായിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാർ ഉൾപ്പെടെയുള്ളവരുമായി യാത്രയ്ക്കിടിയിൽ സംവദിച്ചു. ഇന്നും ശൈശവവിവാഹം തുടരുന്നുണ്ടെന്നും ഇതിനെതിരെ ബോധവത്കരണം നടത്തുകയാണ് തന്റെ യാത്രയുടെ ലക്ഷ്യമെന്നും ബിജു കേരളകൗമുദിയോട് പറഞ്ഞു.