kettidam

മുടപുരം: ശക്തമായ മഴയെത്തുടർന്ന് കുന്നിടിഞ്ഞ് വീട് പൂർണമായും തകർന്നു. കിഴുവിലം പഞ്ചായത്തിലെ രണ്ടാം വാർഡിൽ പറയത്തുകോണം കുന്നംപള്ളി കോണം കൃഷ്ണ നിവാസിൽ മനോജിന്റെ വീടാണ് തകർന്നത്. വെള്ളിയാഴ്ച രാത്രി 11നാണ് സംഭവം. ആറരമണിക്കൂറിന് ശേഷവും മണ്ണിടിച്ചിലുണ്ടായി. മുറിയിൽ കിടന്നുറങ്ങുകയായിരുന്ന മനോജിന്റെ മകൻ ഗോകുൽ ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് സംഭവമറിഞ്ഞത്.ഉടനെ വീടിന്റെ സിറ്റൗട്ടിൽ ഉറങ്ങുകയായിരുന്ന മനോജിനെയും ഭാര്യ രമാദേവിയെയും വിളിച്ചുണർത്തി പുറത്തേക്കോടിയതിനാൽ ആളപായമുണ്ടായില്ല. മണ്ണിടിഞ്ഞ് വീണ് മൂന്ന് മുറികളും സിറ്റൗട്ടും അടുക്കളയും അടങ്ങുന്ന വീട് പൂർണമായും തകർന്നു.കൂലിപ്പണിക്കാരനായ മനോജിന് പഞ്ചായത്തിൽ നിന്ന് ലഭിച്ച ധനസഹായവും മറ്റുള്ളവരുടെ സാമ്പത്തിക സഹായവും ലോണെടുത്തുമാണ് നാലര വർഷം മുൻപ് വീട് പണിതത്. വീട് പണിത ഇനത്തിൽ 1.50 ലക്ഷം രൂപയുടെ ബാങ്ക് ലോണുമുണ്ട്.ചാക്ക ഐ.ടി.ഐ വിദ്യാർത്ഥിയാണ് ഗോകുൽ.