
ആറ്റിങ്ങൽ: ക്വിറ്റ് കറപ്ഷൻ എന്ന മുദ്രാവാക്യവുമായി ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ സർക്കാർ ജീവനക്കാർ അഴിമതിക്കെതിരെയുള്ള പോരാട്ടങ്ങളുടെ ഭാഗമായി ഓഫീസ് സമുച്ചയങ്ങൾ കേന്ദ്രീകരിച്ച് സ്വാഭിമാന സദസുകൾ സംഘടിപ്പിച്ചു. സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും അവകാശ സംരക്ഷണ പോരാട്ടങ്ങൾക്ക് നേതൃത്വം വഹിച്ച സമരസമിതി നേതാവ് എം.എൻ.വി.ജി അടിയോടിയുടെ 26ലെ അനുസ്മരണത്തിന്റെ ഭാഗമായുള്ള സിവിൽ സർവീസ് ദിനാചരണത്തോടനുബന്ധിച്ചാണ് സംസ്ഥാന വ്യാപകമായി അഴിമതി വിരുദ്ധ സദസുകൾ സംഘടിപ്പിച്ചത്. ജോയിന്റ് കൗൺസിൽ ആറ്റിങ്ങൽ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ സിവിൽസ്റ്റേഷൻ അങ്കണത്തിൽ നടന്ന പരിപാടി ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയംഗം ആർ.സരിത ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ജി.ലത അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ ജില്ലാ- മേഖലാ ഭാരവാഹികളായ എം.മനോജ്കുമാർ,ഡി.ബിജിന,എസ്.ഫാമിദത്ത്,മഞ്ജുകുമാരി.എം,വർക്കല സജീവ്,ആശ.ആർ,ഉത്പ്രേക്ഷ.എസ്,കൗസു.ടി.ആർ,ബിനിത.ജി,അനുശ്രീ.എസ് തുടങ്ങിയവർ പങ്കെടുത്തു.