1

വിഴിഞ്ഞം: സീസൺ അവസാനിച്ച മത്സ്യബന്ധന തീരത്ത് ഇനി വറുതിയുടെ കാലം. സീസൺ അവസാനിച്ചെങ്കിലും മത്സ്യലഭ്യത കുറവാണ്. മഴ കാരണം തുടർച്ചയായ മുന്നറിയിപ്പ് നൽകുന്നതിനാൽ മത്സ്യബന്ധനത്തിന് പോകാനാകുന്നില്ലെന്നും തൊഴിലാളികൾ പറയുന്നു. ഇപ്പോൾ ധാരാളം ലഭിക്കേണ്ട പൊള്ളൽ ചൂര ലഭിക്കുന്നില്ല. കേര,ചൂര ലഭ്യത പേരിന് മാത്രമാണ്. മറ്റ് സ്ഥലങ്ങളിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ നേരത്തെ മടങ്ങി. ഇപ്പോൾ ഇവിടെ ഉണ്ടായിരുന്ന വള്ളങ്ങൾ വാഹനങ്ങളിൽ കയറ്റി അതത് തീരങ്ങളിലേക്ക് കൊണ്ടുപോകുകയാണ്.

തീരക്കടലിൽ മത്സ്യമില്ലാത്ത അവസ്ഥയാണ്. കഴിഞ്ഞ ദിവസം മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിയവർക്ക് ചെലവ് കാശുപോലും കിട്ടിയില്ലെന്നാണ് പറയുന്നത്. മണിക്കൂറുകളോളം ചൂണ്ടയിട്ടാലും കിട്ടുന്നത് കുറച്ചു മീനുകൾ മാത്രമാണ്. മീൻലഭ്യത കുറഞ്ഞതിനാൽ 80 ശതമാനം തൊഴിലാളികളും കടലിൽ പോകുന്നില്ല. ഈ സമയത്ത് കൂടുതലും ചൂണ്ട ഉപയോഗിച്ചുള്ള മത്സ്യബന്ധനമാണ് നടക്കുന്നത്.

മത്സ്യലഭ്യതയില്ലാത്തതിനാൽ വല വീശിയുള്ള മീൻ പിടിത്തമില്ല. ചെറുമത്സ്യങ്ങൾക്ക് ഇപ്പോൾ നല്ല വിലയും കൊടുക്കണ്ടിവരും. മത്സ്യം കിട്ടണമെങ്കിൽ 70 - 80 മൈൽ ഉള്ളിലേക്ക് പോകണം. മേയ് വരെ ഈ നില തുടരുമെന്നാണ് മുതിർന്ന മത്സ്യത്തൊഴിലാളികൾ പറയുന്നത്.

ചെലവ് അധികം,വരവ് തുച്ഛം

ഇന്ധനം, ആഹാരം, വെള്ളം എന്നിവയെല്ലാം വാങ്ങാനുള്ള തുകയുൾപ്പെടെ 10000ത്തോളം രൂപ ചെലവുണ്ട്. ഒരു വള്ളത്തിൽ കുറഞ്ഞത് 4-6 പേർ പോകാറുണ്ട്. എന്നാൽ ലഭിക്കുന്ന മത്സ്യം വിറ്റുപോകുന്നത് തുച്ഛമായ തുകയ്ക്കാണ്. ഇപ്പോൾ വൈകുന്നേരങ്ങളിൽ ചൂണ്ടയ്ക്ക് പിടിക്കുന്ന കല്ലൻ കണവകൾ മാത്രമാണ് വിഴിഞ്ഞത്തുള്ളത്. ഇത് വിദേശ മാർക്കറ്റുകളിലേക്ക് പോകുന്നതിനാൽ പ്രാദേശിക വില്പനയില്ല.

അനുബന്ധ മേഖല നിശ്ചലം

തീരത്ത് മത്സ്യം കുറഞ്ഞതോടെ അനുബന്ധ തൊഴിൽ മേഖലയും നിശ്ചലാവസ്ഥയിലാണ്. മത്സ്യക്കച്ചവടക്കാരായ സ്ത്രീകൾക്ക് ആവശ്യത്തിന് മത്സ്യം ലഭിക്കുന്നില്ല. ഉള്ളതിന് വൻ വിലയുമാണ്. അതുകൊണ്ടുതന്നെ കുറച്ച് മത്സ്യമാണ് ഇവർ വാങ്ങുന്നത്. മത്സ്യബന്ധന ഉപകരണങ്ങൾ വിൽക്കുന്ന കടകൾ പലതും അടഞ്ഞുകിടക്കുകയാണ്. മീൻ ഉണക്കി വില്പന നടത്തുന്നവരും പ്രതിസന്ധിയിലാണ്.

നേട്ടം കൊയ്ത് സീസൺ

കഴിഞ്ഞ മത്സ്യബന്ധന സീസണിൽ വള്ളം നിറയെ മീനുകളായിരുന്നു. വിദേശമാർക്കറ്റിൽ പ്രിയങ്കരമായ മരപ്പാൻ ക്ലാത്തി ടൺ കണക്കിനാണ് ലഭിച്ചത്. ചെറുകൊഴിയാളയും കണവയുമുൾപ്പെടെയുള്ളവ ലഭിച്ചിരുന്നു. കാലാവസ്ഥ അനുകൂലമായതും സീസണ് നേട്ടമായി.