
വിഴിഞ്ഞം: എൽസ 3 മുങ്ങിയതുമായി ബന്ധപ്പെട്ട് നിയമനടപടിയുടെ ഭാഗമായി നാലു മാസമായി അന്താരാഷ്ട്ര തുറമുഖത്ത് കസ്റ്റഡിയിലായ കപ്പലിൽ നിന്ന് ക്രൂ ചെയ്ഞ്ചിംഗ് നടത്തി. എം.എസ് സി അക്കിറ്റെറ്റയിൽ നിന്നുമാണ് ക്രൂ ചെയ്ഞ്ചിംഗ് നടത്തിയത്. കപ്പലിൽ നിന്ന് 12ക്രൂവാണ് കരയിലിറങ്ങിയത്. പകരം 11പേർ കപ്പലിൽ കയറി. കരാർ കാലാവധി കഴിയുന്നതുമായി ബന്ധപ്പെട്ടാണ് ക്രൂ ചെയ്ഞ്ച് നടത്തേണ്ടിവന്നത്. 12 പേരിൽ കപ്പൽ ചീഫ് എൻജിനീയർ ഘാന സ്വദേശിയായ അഗ്രിജോൺ കൊബിന മാത്രമാണ് വിദേശി. മറ്റുള്ളവർ ഇന്ത്യക്കാരാണ്.ഇവർ സ്വന്തം നാട്ടിലേക്ക് മടങ്ങി. വാട്ടർ ലൈൻ ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക് നേതൃത്വത്തിൽ കേരള മാരിടൈം ബോർഡിന്റെ വിഴിഞ്ഞത്തെ പുതിയ വാർഫിലായിരുന്നു ക്രൂ ചെയ്ഞ്ച് നടത്തിയത്. പുറംകടലിൽ നിന്ന് ടഗ്ഗിൽ ക്രൂവിനെ കരയിലെത്തിക്കുകയായിരുന്നു.
ബങ്കറിംഗ് നടത്തിയ കപ്പൽ
കഴിഞ്ഞ ആഴ്ച അന്താരാഷ്ട്ര തുറമുഖത്ത് ഷിപ്പ് ടു ഷിപ്പ് ബങ്കറിംഗ് സർവീസ് നടത്തിയ കപ്പലാണ് നിയമ കുരുക്കിൽപ്പെട്ട് തിരികെ മടങ്ങാനാകാതെ പുറംകടലിൽ തുടരുന്നത്. അദാനി ബങ്കറിംഗ് കമ്പനിയുടെ നേതൃത്വത്തിൽ എം.ടി ഷോൺ 1 കപ്പലിൽ നിന്ന് വിഴിഞ്ഞം തുറമുഖത്തിന്റെ ആങ്കറേജിലുള്ള എം.എസ്.സി അക്കിറ്റെറ്റ എന്ന കപ്പലിലാണ് വെരി ലോ സൾഫർ ഫ്യുയൽ ഓയിൽ നിറച്ചത്.