crematorium

ആധുനിക ഗ്യാസ് ബർണർ ക്രിമറ്റോറിയം 29ന് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും

വർക്കല: വർക്കല നഗരസഭാ പരിധിയിൽ ദീർഘനാളായി നിലനിന്ന പൊതുശ്മശാനമെന്ന ആവശ്യം യാഥാർത്ഥ്യമാകുന്നു. നഗരസഭയുടെ അധീനതയിൽ നിർമ്മിച്ച പുതിയ ആധുനിക ഗ്യാസ് ബർണർ ക്രിമറ്റോറിയം ഈ മാസം 29ന് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും.കണ്വാശ്രമം പ്രദേശത്ത് നഗരസഭയുടെ മാലിന്യ സംസ്കരണ ശാലയ്ക്ക് സമീപമായി 60 സെന്റ് സ്ഥലത്താണ് ക്രിമറ്റോറിയം നിർമ്മിച്ചിരിക്കുന്നത്. ഒരേസമയം രണ്ട് സംസ്കാരങ്ങൾ നടത്താൻ സൗകര്യമുള്ള ഡബിൾ ചാനൽ ഗ്യാസ് ബർണർ സംവിധാനമാണ് ഇവിടെയുള്ളത്. വർക്കല നഗരസഭ രൂപീകരിക്കപ്പെട്ട കാലം മുതൽ പൊതുശ്മശാനത്തിനുള്ള ആവശ്യം നിരവധി തവണ ഉയർന്നിരുന്നു. വർക്കലയുടെ നഗരവത്കരണ പ്രവണതയും വീടുകൾ കൂട്ടമായി വളർന്നതും കാരണം പുതിയ ശ്മശാനത്തിന് അനുയോജ്യമായ സ്ഥലമൊരുക്കുന്നത് പ്രയാസമായിരുന്നു.വർഷങ്ങളായി സ്ഥലത്തിനായി നഗരസഭ ശ്രമിച്ചെങ്കിലും നിയമപരമായ തടസങ്ങളും എതിർപ്പുകളും കാരണം പദ്ധതി നടപ്പിലാകാൻ വൈകി.

പരിസ്ഥിതി സൗഹൃദ സംവിധാനം

പാരമ്പര്യമായ ചിതാഗ്നി സംസ്കാര രീതികളെ അപേക്ഷിച്ച് പുതിയ ക്രിമറ്റോറിയം പൂർണമായും ഗ്യാസ് ബർണർ സാങ്കേതികതയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് മലിനവാതകങ്ങളുടെ ഉത്പാദനം ഗണ്യമായി കുറയ്ക്കുന്നു. ആധുനിക ബർണർ യൂണിറ്റ്, വൈദ്യുത സംവിധാനങ്ങൾ, വാതക സേഫ്ടി സംവിധാനങ്ങൾ, ശുചിത്വ സൗകര്യങ്ങൾ എന്നിവയുൾപ്പെടെയുള്ള സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. സംസ്കാരത്തിനു ശേഷം അസ്ഥിശേഖരണത്തിനും പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.

നിർമ്മാണച്ചെലവ്- രണ്ട് കോടി രൂപ

നിയമസാങ്കേതിക തടസങ്ങൾ മറികടന്ന്

പദ്ധതിയുടെ ആരംഭത്തിൽ നിയമപരമായ അനുമതികൾ നേടുന്നതിലും സാങ്കേതിക കാര്യങ്ങളിലും നിരവധി ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നിരുന്നു. പൊതുശ്മശാനം സ്ഥാപിക്കുന്നതിനെതിരെ സമീപവാസികളിൽ നിന്ന് ചില എതിർപ്പുകളും ഉയർന്നിരുന്നു. എന്നാൽ തടസങ്ങളെല്ലാം നീക്കി 2024 ഫെബ്രുവരിയിൽ നിർമ്മാണപ്രവർത്തനങ്ങൾ ഔദ്യോഗികമായി ആരംഭിച്ചു.

സ്ഥിരപരിഹാരം

വർക്കലയിൽ പൊതുശ്മശാനത്തിന്റെ അഭാവം കാരണം വർഷങ്ങളായി നിലനിന്ന സാമൂഹ്യ പ്രശ്നത്തിന് സ്ഥിരപരിഹാരമായാണ് ഈ പദ്ധതി കാണുന്നത്. നഗരസഭയുടെ സാമൂഹ്യ ഉത്തരവാദിത്വവും ജനകീയ ഭരണവ്യവസ്ഥയുമാണ് ഇതിലൂടെ പ്രകടമായത്.