
തിരുവനന്തപുരം: കേരള സർവകലാശാലയിൽ നാലു വർഷ ബിരുദ കോഴ്സുകളിലെ പരീക്ഷാ നടത്തിപ്പ് അവതാളത്തിൽ. ജൂലായിൽ ആരംഭിച്ച ഒന്നാം സെമസ്റ്ററിന്റെ കോഴ്സ് രജിസ്ട്രേഷൻ ഇതു വരെ തുടങ്ങിയിട്ടില്ല. നവംബറിൽ പരീക്ഷ നടത്തുമെന്നായിരുന്നു പ്രഖ്യാപനം. കോഴ്സ് രജിസ്ട്രേഷൻ നടത്താത്തതിനാൽ വിദ്യാർത്ഥികൾക്ക് ഇന്റേണൽ പരീക്ഷ നടത്താൻ കോളേജുകൾക്ക് കഴിയില്ല.
കുട്ടികൾ പണമടച്ച് രജിസ്ട്രേഷനായി കാത്തിരിക്കുകയാണ്. അക്കാഡമിക് വിഭാഗത്തിന്റെ മെല്ലെപ്പോക്കാണ് കാരണമെന്നറിയുന്നു. സാധാരണ ഗതിയിൽ ഒരു മാസം കൊണ്ട് പൂർത്തിയാക്കേണ്ടതാണ്. രജിസ്ട്രേഷൻ പൂർത്തീകരിച്ചിരുന്നെങ്കിൽ കുട്ടികളുടെ പട്ടിക കോളേജുകൾക്ക് ലഭ്യമാവുമായിരുന്നു. ഇതോടെ ,ഒന്നാം സെമസ്റ്റർ പരീക്ഷ നീളുമെന്നുറപ്പായി. അതേ സമയം, കോഴ്സ് രജിസ്ട്രേഷൻ പൂർത്തിയായാലുടൻ പരീക്ഷാ രജിസ്ട്രേഷനിലേക്ക് കടക്കുമെന്നാണ് സർവകലാശാലാ അധികൃതരുടെ വിശദീകരണം.
നവംബർ മൂന്നിന് തുടങ്ങുമെന്ന് പ്രഖ്യാപിച്ച മൂന്നാം സെമസ്റ്റർ പരീക്ഷയും വൈകും. ചോദ്യബാങ്ക് തയ്യാറാക്കുന്നതിനാലാണ് പരീക്ഷകൾ വൈകുന്നതെന്നാണ് സർവകലാശാലയുടെ വിശദീകരണം. എന്നാൽ ഇത് രണ്ടു ദിവസം കൊണ്ട് പൂർത്തിയാക്കാനാവുമെന്നാണ് അദ്ധ്യാപകർ പറയുന്നത്. ഒന്നാം സെമസ്റ്ററിന് പുതുതായി ചോദ്യബാങ്കുണ്ടാക്കേണ്ടതില്ല. നേരത്തേ ഇത് തയ്യാറാക്കിയതാണ്. മൂന്നാം സെമസ്റ്റർ പരീക്ഷ നവംബർ 13ന് തുടങ്ങാനാവുമെന്ന് അധികൃതർ പറയുന്നെങ്കിലും ഉറപ്പില്ല. ഫലം പ്രസിദ്ധീകരിച്ച് 45 ദിവസത്തിനകം നടത്തേണ്ട ഒന്നാം സെമസ്റ്ററിന്റെ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷയും ഇതുവരെ നടത്തിയിട്ടില്ല. ഒന്ന്, മൂന്ന് സെമസ്റ്ററുകളുടെ മൂല്യനിർണയം കോളേജുകളിലാണ് നടത്തേണ്ടത്. പരീക്ഷകൾ താളം തെറ്റുന്നതോടെ എല്ലാ സർവകലാശാലകളിലും ഒരേ സമയം പരീക്ഷ നടത്തി ഫലം പ്രഖ്യാപിക്കാൻ കൊണ്ടുവന്ന ഏകീകൃത അക്കാഡമിക് കലണ്ടർ അപ്രസക്തമാവും.