നെടുമങ്ങാട്: തെങ്കാശി പാതയിൽ പഴകുറ്റി പെട്രോൾ പമ്പിന് സമീപത്തെ പാലം സംരക്ഷണഭിത്തി തകർന്ന് അപകടക്കെണിയായെന്ന് യാത്രക്കാരുടെ പരാതി.നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പാലത്തിന്റെ കൈവരികളും സംരക്ഷണഭിത്തിയുമാണ് ഇടിഞ്ഞു വീഴുന്നത്.കിള്ളിയാറിന്റെ കൈവഴിയായ കാക്കാത്തോടിന് കുറുകെയുള്ള പാലമാണിത്.നൂറ്റാണ്ടു പഴക്കമുള്ള പാലത്തിന് വീതി നന്നേ കുറവാണ്.വാഹനങ്ങൾക്ക് പോകാൻ ഒഴിഞ്ഞു കൊടുക്കുന്ന കാൽനട യാത്രികർ തോട്ടിൽ വീഴാനുള്ള സാദ്ധ്യതയുണ്ട്.കേരള റോഡ് ഫണ്ട് ബോർഡിന്റെ മേൽനോട്ടത്തിലുള്ള റോഡിലാണ് പാലം സ്ഥിതിചെയ്യുന്നത്.അപകട സൂചന കാണിച്ച് പാലത്തിൽ റിബൻ കെട്ടിയതൊഴിച്ചാൽ നടപടിയുണ്ടായിട്ടില്ല.സത്രം ജംഗ്‌ഷൻ, കല്ലമ്പാറ ഭാഗങ്ങളിൽ നിന്നെത്തുന്ന റോഡുകൾ പാലത്തിന് സമീപം സംഗമിക്കുന്നതിനാൽ എപ്പോഴും ഗതാഗത തിരക്കും അനുഭവപ്പെടുന്നുണ്ട്. പെ‌ാതുമരാമത്ത് നെടുമങ്ങാട് എൻജിനിയർ ഓഫീസിൽ പരാതി നൽകിയിട്ടും നടപടിയില്ലാത്തതിനാൽ യാത്രക്കാരിൽ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.