hi

വെഞ്ഞാറമൂട്: മരച്ചില്ല ഒടിഞ്ഞുവീണ് ഗതാഗതവും വൈദ്യുതി വിതരണവും തടസപ്പെട്ടു. എം.സി.റോഡിൽ പിരപ്പൻകോട് ജംഗ്ഷന് സമീപം നിന്നിരുന്ന കൂറ്റൻ മാവിന്റെ ചില്ലയാണ് റോഡിലേക്കും വൈദ്യുതി ലൈനിലേക്കുമായി ഒടിഞ്ഞുവീണത്. ഇന്നലെ രാവിലെ 11 മണിക്കായിരുന്നു സംഭവം. ഇതോടെ വാഹന ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു. വിവരമറിഞ്ഞെത്തിയ വെഞ്ഞാറമൂട് പൊലീസ് ഗതാഗതവും വൈദ്യുതി ലൈൻ പൊട്ടി വീണത് മൂലം സംഭവിക്കാനിടയുള്ള മറ്റ് അപകടങ്ങളും ഒഴിവാക്കാൻ കാൽനട യാത്രികരെയും നിയന്ത്രിച്ചു. തുടർന്ന് വെഞ്ഞാറമൂട് അഗ്നി രക്ഷാസേനയെ വിവരമറിയിക്കുകയും അവരെത്തി നാട്ടുകാരുടെയും യന്ത്രങ്ങളുടെയും സഹായത്താൽ മരച്ചില്ല മുറിച്ചു മാറ്റിയശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. കെ.എസ്.ഇ.ബി ജീവനക്കാർ ലൈൻ അറ്റകുറ്റപ്പണി നടത്തി വൈദ്യുതി വിതരണവും പുനസ്ഥാപിച്ചു. 70 വർഷത്തിലേറെ പഴക്കമുള്ളതാണ് മാവ്. കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലേക്ക് നീങ്ങുകയാണ്. മുറിച്ച് നീക്കിയില്ലെങ്കിൽ മാവ് കടപുഴകുമെന്നും വൻദുരന്തത്തിനിടയാക്കുമെന്നും നാട്ടുകാർ പറയുന്നു.