 കായികമേളയ്ക്ക് എത്തിയ കുട്ടികളെയും നെട്ടോട്ടമോടിച്ചു

 സെൻട്രൽ സ്റ്റേഡിയത്തിലേക്ക് കുട്ടികളെത്തിയത് ബാരിക്കേഡിന് ഇടയിലൂടെ

തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയിൽ പ്രതിഷേധിച്ച് ബി.ജെ.പിയുടെ നേതൃത്വത്തിൽ നടന്ന രാപ്പകൽ സെക്രട്ടേറിയറ്റ് ഉപരോധത്തിൽ ജനംവലഞ്ഞു.സെക്രട്ടേറിയറ്റിലേക്കുള്ള മുഴുവൻ വഴികളും പൊലീസ് അടച്ചതോടെയാണ് ജനം കുരുക്കിലായത്.

സംസ്ഥാന സ്കൂൾ കായികമേളയുടെ പ്രധാനവേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ എത്താൻ കായിക താരങ്ങൾ ഏറെ പണിപ്പെട്ടു. പൊലീസ് ബാരിക്കേഡുകൊണ്ട് തീർത്ത വേലിക്ക് ഇടയിലൂടെയാണ് കുട്ടികൾ സ്റ്റേഡിയത്തിലേക്ക് എത്തിയത്. ബാരിക്കേഡിന് മുന്നിൽ ബസുകളിൽ കുട്ടികളെ കൊണ്ടിറക്കി. ഒരാൾക്ക് കഷ്ടിച്ച് കടന്നുപോകാനുള്ള വഴിയാണ് ബാരിക്കേഡ് വേലിക്കിടയിലുണ്ടായിരുന്നത്. ഇതായിരുന്നു കായിക താരങ്ങൾക്കുള്ള വഴി.

ഉച്ചഭക്ഷണം കഴിക്കാനും തിരികേ സ്റ്റേഡിയത്തിലേക്ക് എത്താനും ഇതുവഴി കടക്കുകയായിരുന്നു ഏക മാർഗം. വിവിധ ജില്ലകളിലെ ആയിരക്കണക്കിന് കുട്ടികൾ നഗരത്തിലുള്ള ദിവസം, പ്രത്യേക ക്രമീകരണം ഒരുക്കാത്ത പൊലീസ് നടപടിയിൽ അദ്ധ്യാപകരും രക്ഷിതാക്കളും ഉൾപ്പെടെ അമർഷത്തിലായി. സാധാരണ ഉപരോധങ്ങൾക്ക് സ്വീകരിക്കുന്ന മുൻകരുതൽ മാത്രമായിരുന്നു പൊലീസിന്റേത്. കായികമേള നടക്കുന്നത് പൊലീസ് കണക്കിലെടുത്തില്ല. കന്റോൺമെന്റ് ഗേറ്റ് ഉപരോധിക്കരുതെന്ന പൊലീസ് നിർദ്ദേശം അനുസരിച്ച പ്രവർത്തകർ മറ്റു ഗേറ്റുകൾക്ക് മുന്നിൽ മുദ്രാവാക്യവും ശരണവും വിളിച്ച് നിലയുറപ്പിച്ചു. മന്ത്രിമാരും ഉദ്യോഗസ്ഥരും പതിവുപോലെ കന്റോൺമെന്റ് ഗേറ്റുവഴി സെക്രട്ടേറിയറ്റിൽ എത്തിയപ്പോൾ, അത്യാവശ്യത്തിനു റോഡിലിറങ്ങിയ ജനങ്ങളാണ് നെട്ടോട്ടമോടിയത്. ഇതിനിടെ പി.എം.ജിയിലെ തൊഴിൽഭവനിലേക്ക് സി.ഐ.ടിയു ചുമട്ടുതൊഴിലാളികളും മാർച്ച് നടത്തിയതോടെ ഉച്ചവരെ നഗരത്തിൽ ഗതാഗതം താറുമാറായി.

ബേക്കറി ജംഗ്ഷൻ,ഊറ്റുകുഴി,പുളിമൂട്,യൂണിവേഴ്സിറ്റി കോളേജ് പരിസരം എന്നിവിടങ്ങളിലെല്ലാം പൊലീസ് ബാരിക്കേഡ് തീർത്തു.പാളയം – കിഴക്കേകോട്ട റോഡ്,തമ്പാനൂർ - എസ്.എസ് കോവിൽ റോഡ്,സ്റ്റാച്യു – പ്രസ് ക്ലബ്,ബേക്കറി ജംഗ്ഷൻ –തമ്പാനൂർ റോഡ് എന്നിവിടങ്ങളിൽ രൂക്ഷമായ ഗതാഗതക്കുരുക്കുണ്ടായി.സമരത്തെപ്പറ്റി അറിയാതെ നഗരത്തിലെത്തിയവർ പുറത്തുകടക്കാനാകാതെ വലഞ്ഞു.സമരം നടന്ന നോർത്ത് ഗേറ്റിലൂടെ കയറാൻ സെക്രട്ടേറിയറ്റിലെ ചില ജീവനക്കാർ ഐ.ഡി കാർഡുമായെത്തിയെങ്കിലും ബാരിക്കേഡ് മാറ്റാനാകില്ലെന്നുപറഞ്ഞ് മടക്കി വിട്ടു. കന്റോൺമെന്റ് ഗേറ്റിലൂടെ കയറാനും പറഞ്ഞു. സെക്രട്ടേറിയറ്റിലേക്കും സമീപത്തെ വിവിധ സർക്കാർ ഓഫീസുകളിലേക്കും ആവശ്യങ്ങളുമായെത്തിയവരും വലഞ്ഞു.