d

പഴിചാരി വകുപ്പുകൾ, നാട്ടുകാർക്ക് ദുരിതം

തിരുവനന്തപുരം: 6 മാസം മുൻപ് ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കിയ പെരുന്താന്നി ചെമ്പകശേരി റോഡിന് വീണ്ടും ശനിദശ. സ്വീവേജ് ലെയ്നിലെ ലീക്കിനെ തുടർന്ന് റോഡ് നാലാംതവണയും വെട്ടിപ്പൊളിച്ചു. പാറ്റൂരിൽ നിന്നും മുട്ടത്തറയിലെ സ്വീവേജ് പ്ലാന്റിലേക്ക് പമ്പ് ചെയ്യുന്ന പ്രധാന പൈപ്പ് ലൈൻ ഇതുവഴിയാണ് കടന്നുപോകുന്നത്. ഇതിലുണ്ടായ ചോർച്ച പരിഹരിക്കുന്നതിന് ഇന്നലെ റോഡിന്റെ ഒരുഭാഗം വാട്ടർഅതോറിട്ടിയുടെ നേതൃത്വത്തിൽ വെട്ടിപ്പൊളിച്ചു. എന്നാൽ, തങ്ങളുടെ അനുമതി വാങ്ങാതെയും പണമടയ്ക്കാതെയുമാണ് വാട്ടർഅതോറിട്ടി റോഡ് പൊളിച്ചതെന്നാരോപിച്ച് പൊതുമരാമത്ത് വകുപ്പ് അധികൃതരെത്തി പണി നിറുത്തിവയ്പ്പിച്ചു. ഇതോടെ പാതി പൊളിച്ചിട്ടിരിക്കുന്ന റോഡിലൂടെയുള്ള യാത്ര പ്രദേശത്തെ 300ഓളം കുടുംബങ്ങളെ ദുരിതത്തിലാക്കി. വാഹനങ്ങളും കാൽനടയാത്രക്കാരും ഏറെ പ്രയാസപ്പെട്ടാണ് ഇന്നലെ ഇതുവഴി കടന്നുപോയത്.

വാട്ടർ അതോറിട്ടിയുടെ വിശദീകരണം ഇങ്ങനെ:

'ആറുമാസം മുൻപ് പൊതുമരാമത്ത്‌വകുപ്പ് ആധുനികരീതിയിലുള്ള ബി.എം.ബി.സി കോൺക്രീറ്റ് ഉപയോഗിച്ചാണ് റോഡ് ടാർ ചെയ്തത്. 50 വർഷത്തിലധികം പഴക്കമുള്ള കാസ്റ്റ് അയൺ പൈപ്പാണ് റോഡിനടിയിലൂടെ കടന്നുപോകുന്നത്. കനം കുറഞ്ഞതും കാലപ്പഴക്കത്താൽ ദ്രവിച്ചതുമായ പൈപ്പിന് ബി.എം.ബി.സിയുടെ ഭാരം താങ്ങാനാവാത്തതിനാലാണ് അടിക്കിടെ ലീക്കുണ്ടാവുന്നത്. ടാർ ഇടുന്നതിന് മുൻപ് പൊതുമരാമത്ത്‌വകുപ്പ് വാട്ടർഅതോറിട്ടിയോട് ചർച്ച ചെയ്തിരുന്നില്ല. മൂന്നുവട്ടം സ്വീവേജ് ലൈനിൽ ലീക്ക് വന്നു. നാലാമത്തെ ലീക്കുണ്ടായിട്ട് ഒരാഴ്ചയിലേറെയാകുന്നു. ലീക്ക് പരിഹരിക്കാൻ അനുമതിക്കായി 21ന് പി.ഡബ്ല്യൂ.ഡി പോർട്ടലിൽ അപേക്ഷിച്ചെങ്കിലും മറുപടി ലഭിച്ചില്ല. ലീക്ക് വർദ്ധിച്ചതോടെ അടിയന്തരസാഹചര്യം കണക്കിലെടുത്താണ് ഇന്നലെ പണി തുടങ്ങിയത്."

അനുമതി തേടും

ഇന്നലെ വകുപ്പുകൾ തമ്മിൽ പ്രശ്നമുണ്ടായതോടെ പമ്പിംഗ് നിറുത്തിവച്ചു. പണിക്കായി കുഴിച്ച കുഴി താത്കാലികമായി മൂടി. നാളെ അനുമതി വാങ്ങിയ ശേഷം പണി ആരംഭിച്ചേക്കും. പ്ലാമൂട് പ്രൊജക്ട് സെക്ഷനാണ് സ്വീവേജ് പണിക്ക് നേതൃത്വം നൽകുന്നത്.

പെരുന്താന്നി,പാൽക്കുളങ്ങര വാർഡുകളുടെ ബോർഡറിലാണ് ചെമ്പകശേരി റോഡ് സ്ഥിതിചെയ്യുന്നത്. ലീക്ക് പരിഹരിക്കേണ്ടത് ആവശ്യമാണ്. അതേസമയം,അടിക്കടി റോഡ് പൊളിക്കുന്നത് നാട്ടുകാർക്കും ദുരിതമാണ്. മുൻപ് ലീക്കുണ്ടായപ്പോൾ എം.എൽ.എയ്ക്കടക്കം പരാതി നൽകിയിരുന്നു.

പി.പത്മകുമാർ,

പെരുന്താന്നി വാർഡ് കൗൺസിലർ