ss

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബംഗളൂരുവിലെ വസതിയിൽ നിന്നും സുഹൃത്ത് ഗോവർദ്ധന്റെ ബെല്ലാരിയിലെ റൊദ്ദം ജുവലറിയിൽ നിന്നുമായി 176 ഗ്രാം (22 പവൻ) സ്വർണം കണ്ടെടുത്തു.

ഇത് ശബരിമല ശ്രീകോവിലിലെ ശില്പങ്ങളിൽ നിന്നും വാതിൽപ്പടിയിൽ നിന്നും കവർന്ന രണ്ടു കിലോ (250 പവൻ) സ്വർണത്തിൽ ഉൾപ്പെട്ടതാണെന്ന നിഗമനത്തിലാണ് പ്രത്യേക അന്വേഷണ സംഘം. സ്വർണം കോടതിയിൽ ഹാജരാക്കും. ശബരിമലയിൽ നിന്ന് കവർന്നതാണോയെന്ന് അറിയാൻ ശാസ്ത്രീയ പരിശോധന നടത്തും. കവർന്ന സ്വർണം ആഭരണങ്ങളാക്കി മാറ്റിയെന്നും സൂചനയുണ്ട്.

സ്വർണപ്പാളികളിൽ നിന്ന് മാത്രം 478 ഗ്രാം (59.75 പവൻ) കവർന്നെന്നാണ് കണ്ടെത്തൽ. സ്മാർട്ട് ക്രിയേഷൻസിൽ വച്ച് വേർതിരിച്ച സ്വർണം ഗോവർദ്ധന് വിറ്റെന്ന് പോറ്റി മൊഴി നൽകിയിരുന്നു. സ്വർണക്കൊള്ളയിൽ പങ്കില്ലെന്നും മോഷ്ടിച്ചതാണെന്ന് അറിയാതെ പോറ്റിയിൽ നിന്ന് സ്വർണം വാങ്ങിയെന്നുമാണ് ഗോവർദ്ധന്റെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് പോറ്റിയുമായി പ്രത്യേക അന്വേഷണ സംഘം ബംഗളൂരുവിലേക്ക് പോയത്.

പോറ്റിയുടെ വീട്ടിലെ റെയ്ഡിൽ ബാങ്ക് രേഖകളും ഭൂമിയുടെ ആധാരങ്ങളും പിടിച്ചെടുത്തു. എസ്.ഐ.ടിക്കൊപ്പം ബംഗളൂരു പൊലീസും റെയ്ഡിൽ പങ്കെടുക്കുന്നുണ്ട്. സ്വർണം വേർതിരിച്ച ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ ഇന്നലെ സന്ധ്യയോടെ പോറ്റിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി. സി.ഇ.ഒ പങ്കജ് ഭണ്ഡാരിയും ജീവനക്കാരും സ്ഥലത്തുണ്ടായിരുന്നു. പണിക്കൂലിയായി നൽകിയ 109ഗ്രാം സ്വർണം പിടിച്ചെടുക്കാനും ശ്രമിക്കുന്നുണ്ട്. 30ന് ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി അവസാനിക്കും.

ഇനി സ്വർണം വിറ്റ പണം

പങ്കുവച്ചവരിലേക്ക്...

സ്വർണം വിറ്റു കിട്ടിയ പണം പങ്കിട്ടത് ആരൊക്കെ എന്നത് അറിഞ്ഞാലേ പാളിയും കട്ടിളയും കൊടുത്തുവിട്ടവരും തീരുമാനം എടുത്തവരും ഉൾപ്പെട്ട ഗൂഢാലോചനയുടെ ചുരുളഴിയൂ. കൊള്ളയടിച്ച ബാക്കി സ്വർണം എവിടെ എന്നതിനും ഉത്തരം കണ്ടെത്തണം.സ്വർണം വീണ്ടെടുത്തതോടെ ഗോവർദ്ധനനെ സാക്ഷിയാക്കാനാണ് എസ്.ഐ.ടിയുടെ നീക്കം. സ്വർണം വിറ്റെന്ന് പോറ്റി എസ്.പി ശശിധരനോട് സമ്മതിച്ചിരുന്നു.

ഗാേവർദ്ധന്റെ ജുവലറിയിൽ

പൂജ നടത്തിയത് തന്ത്രി

പത്തനംതിട്ട: സ്വർണം കണ്ടെത്തിയ ഗാേവർദ്ധന്റെ ജുവലറിയുടെ ഉദ്ഘാടനത്തിന് പൂജ ചെയ്തതും ഭദ്രദീപം കൊളുത്തിയതും ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനര്. 2023 ജൂലായ് മൂന്നിനായിരുന്നു ഉദ്ഘാടനം. വീട്ടിൽ ഭഗവതി സേവയും ഗണപതി ഹോമവും നടത്തി. ശ്രീകോവിലിന്റെ വാതിൽ മാറ്റിവയ്ക്കൽ സ്പോൺസർ ചെയ്തത് ഗോവർദ്ധനാണ്. വാതിൽ കൊണ്ടുവരുന്നതിനിടെ ഇളംപള്ളിൽ ക്ഷേത്രത്തിൽ നൽകിയ സ്വീകരണത്തിൽ അന്നത്തെ ദേവസ്വം പ്രസിഡന്റ് എ.പത്മകുമാർ ഗോവർദ്ധനെ ആദരിച്ചിരുന്നു.

 ഉണ്ണികൃഷ്ണൻ പോറ്റി ക്ഷണിച്ചതനുസരിച്ചാണ് പൂജ ചെയ്തത്. മറ്റൊന്നും അറിയില്ല. ഗോവർദ്ധനുമായി മുൻ പരിചയമില്ല. താൻ വരുന്നതിന് മുമ്പ് പോറ്റി ശബരിമലയിൽ സജീവമായിരുന്നു. അങ്ങനെയാണ് പരിചയമാകുന്നത്.

-തന്ത്രി കണ്ഠരര് മഹേഷ് മോഹനര്