
നെടുമങ്ങാട്: കനത്തമഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ,വീടിനുള്ളിൽ കുടുങ്ങിയ കുടുംബാംഗങ്ങൾ ഭിത്തിയുടെ ഒരുഭാഗം പൊളിച്ച് പുറത്തിറങ്ങി. ഭഗവതിപുരം മുളയറ ഗാന്ധിജി നഗർ എസ്.എസ് നിവാസിൽ ശിവകുമാറിന്റെയും ശ്രീകലയുടെയും വീടിന്റെ അടിഭാഗമാണ് മണ്ണിടിച്ചിലിൽ തകർന്നത്.
വീട്ടുകാർ ഉറങ്ങിക്കിടക്കുമ്പോഴാണ് മണ്ണിടിഞ്ഞ് മാറിയത്.ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.തുടർന്ന്,ഭിത്തിയുടെ ഒരു ഭാഗം പൊളിച്ചാണ് പുറത്തിറങ്ങിയത്. വീടിന്റെ പില്ലറുകൾ ഉറപ്പിച്ചിരുന്ന മൺതിട്ട ഉൾപ്പെടെ ഇടിഞ്ഞ് വട്ടത്തിങ്കര തോട്ടിൽ പതിക്കുകയായിരുന്നു. 200 മീറ്ററോളം ഭാഗം ഇടിഞ്ഞ് മാറി.പുലർച്ചെ നാലരയോടെയുണ്ടായ മണ്ണിടിച്ചിലിൽ വീടിന്റെ അടിഭാഗത്തെ മണ്ണ് മുഴുവനായും ഒലിച്ചുപോയി.വീടിന് ഭാഗിക കേടുപാടുകൾ സംഭവിച്ചു.ഇനിയും മണ്ണിടിഞ്ഞാൽ വീട് മുഴുവനായും നിലംപതിക്കാനുള്ള സാദ്ധ്യതയുണ്ട്.സംരക്ഷണഭിത്തി കെട്ടുന്നതിനായി സമീപത്തെ കുന്ന് ഇടിച്ച മണ്ണ്, അയൽവാസി ശിവകുമാറിന്റെ അനുമതിയോടെ പുരയിടത്തിൽ തട്ടിയിരുന്നു.ശക്തമായ മണ്ണിടിച്ചിലിൽ പുരയിടത്തിലെ തെങ്ങുകളും മറ്റു കൃഷികൾ ഉൾപ്പെടെ നശിച്ചു.കുടുംബാംഗങ്ങൾ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ വില്ലേജ്,താലൂക്ക് അധികൃതരെ സമീപിച്ചിട്ടുണ്ട്. .