
കല്ലമ്പലം: ദേശീയപാതയിൽ അമിത വേഗതയിൽ വന്ന സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് പരിക്ക്. വർക്കല ഭാഗത്ത് നിന്നും ആറ്റിങ്ങൽ ഭാഗത്തേക്ക് പോവുകയായിരുന്ന കൃഷ്ണ എന്ന സ്വകാര്യ ബസ് നഗരൂർ ഭാഗത്തേക്ക് പോകാനായി തിരിഞ്ഞ സ്കൂട്ടർ യാത്രികനെ ഇടിക്കുകയായിരുന്നു. ഇടിയെത്തുടർന്ന് റോഡിൽ മറിഞ്ഞ് വീണ സ്കൂട്ടർ യാത്രികന്റെ കാലിൽ ബസ് കയറിയിറങ്ങി. പരിക്കേറ്റ ചെമ്മരുതി സ്വദേശി അരുൺലാലിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് 5.30ന് ആയിരുന്നു അപകടം. ഉടൻ പൊലീസെത്തി മേൽനടപടികൾ സ്വീകരിച്ചു. ഇതുവഴി സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ ജംഗ്ഷനെത്തുമ്പോൾ ഹോൺ മുഴക്കി അമിത വേഗതയിൽ ചീറിപ്പായുന്നത് അപകടത്തിന് ഇടയാക്കുന്നതായി നാട്ടുകാർ പറഞ്ഞു.