1

ഉദിയൻകുളങ്ങര: കെ.എസ്.ആർ.ടി.സി ഡിപ്പോ കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളികൾ അടർന്നു വീണ് ജീവനു തന്നെ ഭീഷണിയായി. പ്രാണരക്ഷാർത്ഥം കോൺക്രീറ്റ് പാളികൾ വീഴാതിരിക്കാൻ വലകെട്ടിയിരിക്കുകയാണ് ജീവനക്കാർ. നൂറുകണക്കിനു ഉദ്യോഗസ്ഥർ പണിയെടുക്കുന്ന പാറശാല കുറുങ്കുട്ടി കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്കാണ് ഈ ദുർവിധി. 35 വർഷത്തിലധികം പഴക്കമുള്ള ഇരുനിലക്കെട്ടിടത്തിന്റെ കോൺക്രീറ്റുകൾ ഇളകിമാറി കമ്പികൾ ദ്രവിച്ചനിലയിലാണ്. മേൽക്കൂരയിൽനിന്ന് കോൺക്രീറ്റ് പാളികൾ ജീവനക്കാരുടെ തലയിൽ വീഴാതിരിക്കാനായി വലകെട്ടി അതിന് കീഴിലിരുന്നാണ് ജീവനക്കാർ ജോലി ചെയ്യുന്നത്. പാറശാല എം.എൽ.എയും ട്രാൻസ്പോർട്ട് വകുപ്പ് മന്ത്രിയുമായിരുന്ന സുന്ദരൻ നാടാരുടെ, 1984 കാലഘട്ടത്തിലാണ് പുതിയ ഡിപ്പോ നിർമ്മിച്ചത്. കെട്ടിടത്തിന്റെ സുരക്ഷാ പരിശോധന നടത്തണമെന്ന് ജീവനക്കാർ ഡിപ്പോ ചുമതലയുള്ള ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടെങ്കിലും പരിശോധിക്കേണ്ടത് പാപ്പനംകോട് എസ്‌റ്റേറ്റ് ഓഫീസിലെ ജീവനക്കാരാണെന്ന് പറഞ്ഞ് ഡിപ്പോ ചുമതലയുള്ളവർ കൈയൊഴിയുകയാണെന്ന് ജീവനക്കാർ പറയുന്നു.

ജീവനക്കാർ

കണ്ടക്ടർ - 75,

ഡ്രൈവർ - 60,മെക്കാനിക് - 50,

സൂപ്പർ വൈസറി, മിനിസ്റ്റീരിയൽ വിഭാഗം - 50,

ഇമ്പാനൽ ജീവനക്കാർ, കണ്ടക്ടർ - 45,

ഡ്രൈവർ - 50,

മിനിസ്റ്റീരിയൽ, സി. എൽ. ആർ ജീവനക്കാർ - 35

ആകെ മൊത്തം 350 ഓളം ജീവനക്കാർ

ജീവന് ഭീഷണി

ഡിപ്പോയിലെ വർക്ക് ഷോപ്പിനുള്ളിൽ മഴ പെയ്താൽ ഒലിച്ചിറങ്ങുന്ന വെള്ളം മെഗാ വാൾട്ട് വോൾട്ടേജ് ഉള്ള കറണ്ട് പാസിങ്ങിലൂടെയാണ് വീഴുന്നത്. കെട്ടിടത്തിന്റെ ശോചനീയാവസ്ഥയും ഈർപ്പം കാരണം ഷോക്കേൽക്കാനും സാദ്ധ്യതയുണ്ട്. ലോങ്ങ് ട്രിപ്പ് കഴിഞ്ഞുവരുന്ന കണ്ടക്ടർ,ഡ്രൈവർമാർ പലരും ഡിപ്പോയ്ക്കുള്ളിൽ വിശ്രമിക്കാറില്ല. ജീവനക്കാർ ഭീതിയോടെയാണ് ജോലി ചെയ്യുന്നത്.

ഒഴിഞ്ഞുമാറി അധികൃതർ

ഡിപ്പോ പി.ഡബ്ല്യു.ഡിയുടെ കെട്ടിടമല്ലെന്നും കെ.എസ്.ആർ.ടി.സി ആവശ്യപ്പെട്ടാൽ മാത്രമേ ഫിറ്റ്നസ് പരിശോധന നടത്താൻ സാധിക്കുള്ളൂ എന്ന മുടന്തൻന്യായങ്ങളാണ്. ജീർണാവസ്ഥയിലുള്ള കെട്ടിടം പരിശോധനക്ക് വിധേയമാക്കിയാൽ ഫിറ്റ്നസ് ലഭിക്കുമെന്ന് ഉറപ്പില്ലാത്തതാണ് സ്ഥിരം അധികൃതർ പരിശോധന നടത്തുവാൻ തയ്യാറാകാത്തതെന്ന് ജീവനക്കാർ ആരോപിക്കുന്നു.

പാറശാല കെ.എസ്.ആർ.ടി.സി ഡിപ്പോ ജീവനക്കാരുടെയും കൺസക്ഷൻ തേടിവരുന്ന വിദ്യാർത്ഥികളുടെയും യാത്രക്കാരുടെയും ജീവനു ഭീഷണിയാകുന്ന ഡിപ്പോ, ട്രാൻസ്പോർട്ട് വകുപ്പ് മന്ത്രി സ്ഥലം സന്ദർശിച്ച് നടപടി സ്വീകരിക്കണം

ടി ജോർജ്, പാറശാല മുൻ എം.എൽ.എ