m

തിരുവനന്തപുരം: ഭക്ഷണപ്രിയരുടെ ഇഷ്ടകേന്ദ്രമായി മാറിയിരിക്കുകയാണ് നഗരത്തിലെ ഫുഡ് ട്രക്കുകൾ. തട്ടുകടകളുടെ കാര്യത്തിൽ നിയന്ത്രണം വന്നതോടെയാണ് ആധുനിക രീതിയിലുള്ള ചലിക്കുന്ന അടുക്കളകൾ സായാഹ്നങ്ങളിൽ സജീവമാകുന്നത്.

കോളേജ് വിദ്യാർത്ഥികളും ഓഫീസ് ഡ്യൂട്ടി കഴിഞ്ഞ് വരുന്നവരുമാണ് ഫു‌‌ഡ് ട്രക്കിനെ ആശ്രയിക്കുന്നവരിലധികവും. മുമ്പ് ഹോട്ടലുകളിലേക്കോ കഫേകളിലേക്കോ പോയി സമയം ചെലവഴിച്ചിരുന്നവർ, ഇപ്പോൾ സ്ട്രീറ്റിലേക്കാണ് വരുന്നത്. വ്യത്യസ്ത തരത്തിലുള്ള ഭക്ഷണമാണ് പ്രത്യേകത. ഇൻസ്റ്റഗ്രാം റീൽസിലൂടെ വിവരങ്ങൾ നേരത്തെ അറിയുന്നതിനാൽ തേടിപ്പിടിച്ച് ആളെത്തുന്നുണ്ട്.

വൈകിട്ട് 6 മുതൽ രാത്രി 11 വരെയാണ് പ്രവർത്തനം. ഫുഡ് ട്രക്ക് ഹബ്ബുകൾ വന്നതോടെ പല സ്ഥലങ്ങളിലും ജ്യൂസ് കടകളടങ്ങുന്ന ചെറിയ നൈറ്റ് മാർക്കറ്റുകളും ആരംഭിച്ചിട്ടുണ്ട്. വൃത്തിയാണ് പ്രധാന ആകർഷണം. ലൈറ്രിംഗ്,​ഇരിപ്പിടങ്ങൾ,കൈ കഴുകാനുള്ള സംവിധാനങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. ചില ട്രക്കുകളിൽ പ്ളാസ്റ്റിക് ഉപയോഗം പൂർണമായി നിറുത്തലാക്കിയിട്ടുണ്ട്. എക്കോ ഫ്രൺലിയായിട്ടുള്ള പേപ്പർ കപ്പ്,പ്ളേറ്റ് ഒക്കെയാണ് ഇവിടെയുള്ളത്.

യുവസംരംഭകർ


മുമ്പ് ചൈനീസ് ഫ്രൈഡ് റൈസ്,ഷവർമ്മ,ബർഗർ എന്നിവയായിരുന്നെങ്കിൽ ഇപ്പോൾ നാടൻരുചികളും കാണാനാകും. ചില ഫുഡ് ട്രക്കുകളിൽ മിനി മ്യൂസിക് സിസ്റ്റവും ലൈവ് ഗിറ്റാറും ഉണ്ടാകാറുണ്ട്. യുവ സംരംഭകരാണ് കൂടുതലും ഈ ബിസിനസിലേക്ക് എത്തുന്നത്. മഴക്കാലമായാൽ ആളുകൾക്ക് കയറിനിൽക്കാൻ ഇടമില്ലാത്തതും ഭക്ഷണം കഴിക്കാനെത്തുന്ന ആളുകളുടെ വാഹനം പാർക്കുചെയ്യാൻ സൗകര്യമില്ലാത്തതും വെല്ലുവിളിയാണ്. ഇത് പലപ്പോഴും ഗതാഗതക്കുരുക്കിനും കാരണമാകുന്നു.

ബിനാമികളുടെ കടന്നുകയറ്റം

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് മുൻഗണ നൽകി കേന്ദ്രസർക്കാർ ആവിഷ്കരിച്ച നാഷണൽ അർബൻ ലൈവ്‌ലിഹുഡ് മിഷൻ പദ്ധതിപ്രകാരം 35 സ്ക്വയർഫീറ്റിൽ പ്രവർത്തിക്കാൻ 100-150 തട്ടുകടകൾക്ക് മാത്രമാണ് അനുമതി. ഇതുവരെ ട്രക്കുകൾക്ക് ലൈസൻസ് നൽകിയിട്ടില്ലെന്നും ബിനാമികൾ അനധികൃതമായി സ്ഥലം കൈയടക്കിയിട്ടുണ്ടെന്നുമാണ് നഗരസഭ അധികൃതർ പറയുന്നത്.

തലസ്ഥാനത്ത് കഴിഞ്ഞവർഷം 40-50 ട്രക്കുകൾ

2025ൽ 100ലധികം ഫുഡ് ട്രക്കുകൾ