
പാലോട്: ഭരണഘടന കൈമാറ്റം ചെയ്തും ഭരണഘടന ആമുഖം പ്രദർശിപ്പിച്ചും ഭരണഘടനാ മൂല്യങ്ങൾ വിളംബരം ചെയ്തും കൗതുകകരമായി ഒരു നിക്കാഹ്. ചിതറ അൽഹിറയിൽ ജാബിറുൽ ഹസന്റെയും മടത്തറ അനസ് മൻസിലിൽ ആഷിനയുടേയും വിവാഹമാണ് കഴിഞ്ഞ ദിവസം പാലോട് വൃന്ദാവനം കൺവെൻഷൻ സെന്ററിൽ വ്യത്യസ്ത ചടങ്ങുകളോടെ നടന്നത്. ഭരണഘടന സാക്ഷരതാ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച കോൺസ്റ്റിറ്റ്യൂഷൻ ലിറ്ററസി കൗൺസിൽ ട്രഷറർ കൂടിയായ ജാബിറുൽ ഹസൻ കൊല്ലം ജില്ലയിൽ നടന്ന ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഭരണഘടനാസാക്ഷരതാ പ്രോജക്ടായ സിറ്റി സൺ 2022ൽ സെനറ്ററായി പ്രവർത്തിക്കുകയാണ്. അന്ന് മുതലുള്ള ആഗ്രഹമാണ് കഴിഞ്ഞ ദിവസം സഫലമായത്. വിവാഹച്ചടങ്ങിനെത്തിയ എല്ലാവർക്കും ഭരണഘടന ഉൾപ്പെടുത്തിയ ലഘുലേഖകൾ സമ്മാനമായി നൽകി. വിവാഹച്ചടങ്ങുകൾക്ക് തൊട്ടുമുൻപ് കോൺസ്റ്റിറ്റ്യൂഷൻ ലിറ്ററസി കൗൺസിൽ ചെയർമാൻ നസിംഖാൻ ഭരണഘടനാ സന്ദേശം നൽകി. തുടർന്ന് എക്സിക്യൂട്ടീവ് അംഗങ്ങളായ അബി,റസീന,അഞ്ചു,ദേവിക,ബ്ലസി,ശ്രീജ എന്നിവർ ചേർന്ന് വധൂവരന്മാർക്ക് ഭരണഘടന കൈമാറി. പഞ്ചായത്ത് ഭരണഘടനാ പ്രോജക്ട് ടീമിനായി എം.ആർ.മുരളി അനുമോദന ഫലകം നൽകി. വിവാഹച്ചടങ്ങുകൾ അവസാനിച്ചത് ദേശീയ ഗാനത്തോടെയാണ്.