തിരുവനന്തപുരം: 93-ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി വെള്ളാപ്പള്ളി ചാരിറ്റി സെന്ററിന്റെ നേതൃത്വത്തിൽ നടത്തുന്ന തീർത്ഥാടന വിളംബര ജാഥയും കലവറ നിറയ്ക്കൽ ഘോഷയാത്രയും വിജയിപ്പിക്കാൻ ചാരിറ്റി സെന്റർ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.
സ്വാഗതസംഘം രൂപീകരണ യോഗം പത്രാധിപർ കെ.സുകുമാരൻ സ്മാരക യൂണിയൻ സെക്രട്ടറിയും ശിവഗിരി തീർത്ഥാടന പദയാത്ര സ്വീകരണ കമ്മിറ്റി ഭാരവാഹിയുമായ ആലുവിള അജിത്ത് ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ഓഫീസിന്റെ ഉദ്ഘാടനം നവംബർ 9ന് വൈകിട്ട് 4ന് കോലത്തുകര ശാഖാമന്ദിരത്തിൽ നടക്കും. ചാരിറ്റി സെന്റർ പ്രസിഡന്റ് വി.മോഹൻദാസ് ഉദ്ഘാടനം ചെയ്യും. ചെമ്പഴന്തി ഗുരുകുലം കാര്യദർശി സ്വാമി സത്യാനന്ദതീർത്ഥ അനുഗ്രഹ പ്രഭാഷണം നടത്തുകയും കൈതമുക്ക് അജയകുമാറിൽ നിന്നും ആദ്യവിഭവം ഏറ്റുവാങ്ങുകയും ചെയ്യും. യോഗത്തിൽ കോലത്തുകര മോഹനൻ മുഖ്യപ്രഭാഷണം നടത്തും.
ഡിസംബർ 2ന് ശിവഗിരി തീർത്ഥാടനവും അഷ്ടലക്ഷ്യങ്ങളും എന്ന വിഷയത്തിൽ നടത്തുന്ന സമ്മേളനം സ്വാമി ശിവനാരായണ തീർത്ഥ നിർവഹിക്കും. സമ്മേളനത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ് ചേന്തി അനിൽ അദ്ധ്യക്ഷത വഹിക്കും. സ്വാഗതസംഘം ഭാരവാഹികളായി വി.മോഹൻദാസ് (ചെയർമാൻ),എസ്.പ്രസന്നകുമാരി (വൈസ് ചെയർപേഴ്സൺ),ജി.സുരേന്ദ്രനാഥൻ (ജനറൽ കൺവീനർ),മണിമംഗലം എം.കുമാരൻ (ചീഫ് കോ ഓർഡിനേറ്റർ),പ്രമോദ് കോലത്തുകര (ജാഥാക്യാപ്റ്റൻ),ആക്കുളം മോഹനൻ (ട്രഷറർ),ഡോ.എസ്.അജിത് കുമാർ,സുധീഷ് കുന്നുകുഴി (മീഡിയ കൺവീനർമാർ),യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് അരുൺ അശോക്,സെക്രട്ടറി ചാക്ക കിരൺ (വോളന്റിയർ കമ്മിറ്റി കൺവീനർമാർ),വെട്ടുകാട് അശോകൻ,കെ. ശ്രീകുമാർ,പേട്ട ശ്രീജിത്ത്,വിജയാംബിക ബാലചന്ദ്രൻ,ജി.പി.ഗോപകുമാർ,ബിന്ദു സുരേഷ്,ബോബി പേട്ട,ജി.ഉഷാകുമാരി എന്നിവരെയും തിരഞ്ഞെടുത്തു. രക്ഷാധികാരികളായി കേരളകൗമുദി യൂണിറ്റ് ചീഫ് എസ്.വിക്രമൻ,ഡോ.പല്പു സ്മാരക യൂണിയൻ പ്രസിഡന്റ് ഉപേന്ദ്രൻ കോൺട്രാക്ടർ,ചാക്ക ശാഖ സെക്രട്ടറി വിജുവിശ്വനാഥ്,കെ.സനൽകുമാർ,കടകംപള്ളി സനൽകുമാർ എന്നിവരെയും തിരഞ്ഞെടുത്തു.