manikandan

വർക്കല: തമിഴ്‌നാട്ടിൽ മോഷണം നടത്തിയ ശേഷം വർക്കല പാപനാശത്ത് ഒളിവിൽ കഴിഞ്ഞ കോയമ്പത്തൂർ സൗത്ത് കെമ്പട്ടിനഗറിൽ മണികണ്ഠൻ(26)നെ വർക്കല ടൂറിസം പൊലീസ് പിടികൂടി. കോയമ്പത്തൂരിലെ ഒരു സൂപ്പർമാർക്കറ്റ് കുത്തി തുറന്ന് 1,85,000രൂപ കവർന്ന കേസിലെ പ്രധാന പ്രതിയാണ് ഇയാൾ.

കവർച്ചയ്ക്ക് ശേഷം കഴിഞ്ഞദിവസം വർക്കലയിലേക്ക് വന്ന ഒരു വിനോദസഞ്ചാര സംഘത്തിനൊപ്പം കൂടിയ മണികണ്ഠൻ പാപനാശത്തെ സ്വകാര്യ റിസോർട്ടിൽ താമസിക്കുകയായിരുന്നു. മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ വർക്കലയിലെത്തിയെന്ന് മനസിലായതോടെ തമിഴ്‍നാട് പൊലീസ്, കേരള പൊലീസിന് വിവരങ്ങൾ കൈമാറി. വർക്കല ഡിവൈ.എസ്.പിയുടെ നിർദേശനാനുസരണം റിസോർട്ടുകളും ഹോംസ്റ്റേകളും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്. കോയമ്പത്തൂർ പൊലീസിന് കൈമാറി. മറ്റ് നിരവധി കേസുകളിൽ പ്രതിയാണെന്ന് കോയമ്പത്തൂർ പൊലീസ് പറഞ്ഞു. മണികണ്ഠനൊപ്പം കവർച്ചാസംഘത്തിലുണ്ടായിരുന്ന രണ്ടുപേരെ നേരത്തെ പിടികൂടിയിരുന്നു.