നെടുമങ്ങാട് : ആനാട് പെരിങ്ങാവൂർ ശ്രീബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ സ്കന്ദന്ഷഷ്ടി മഹോത്സവവും കാവടി ഘോഷയാത്രയും ഭക്തിനിർഭരമായി.41 ദിവസത്തെ വ്രതാനുഷ്ഠാനത്തോടെ നൂറുകണക്കിന് ബാലികാ ബാലന്മാരും യുവതി-യുവാക്കളും വീട്ടമ്മമാരും ഘോഷയാത്രയുടെ ഭാഗമായി.പാങ്കോട് ശ്രീധർമ്മ ശാസ്താക്ഷേത്രം, കരുപ്പൂര് കോട്ടപ്പുറത്തുകാവ് ശ്രീമഹാദേവ ക്ഷേത്രം,തൊണ്ടിക്കര ശ്രീമാടൻ തമ്പുരാൻ ക്ഷേത്രം എന്നിവിടങ്ങളിൽ നിന്ന് കാവടി ഘോഷയാത്രകൾ പുറപ്പെട്ടു.ആനാട് ബാങ്ക് ജംഗ്‌ഷനിൽ സംഗമിച്ച് ക്ഷേത്ര സന്നിധിയിൽ പ്രവേശിച്ചു.ഉള്ളൂർ രാജൻ സ്വാമിയുടെ നേതൃത്വത്തിൽ പണ്ടാരക്കാവടി,പീലി കാവടി, ഭസ്മകാവടി,മയൂരക്കാവടി, വേൽക്കാവടി തുടങ്ങിയവ അണിനിരന്നു.മഹാകാവടി അഭിഷേകത്തിന് ആറ്റുവാശ്ശേരി നീലമന മഠം ബ്രഹ്മശ്രീ നാരായണൻ പോറ്റി നേതൃത്വം വഹിച്ചു.കരുപ്പൂര് കോട്ടപ്പുറത്ത് കാവിൽ നിന്നു മഹാകാവടി അഭിഷേകത്തിന് കൃഷ്ണൻകുട്ടി സ്വാമി നേതൃത്വം നൽകി.ക്ഷേത്രച്ചടങ്ങുകൾക്ക് മേൽശാന്തി ബ്രഹ്മശ്രീ എസ്.പുരുഷോത്തമൻ നമ്പൂതിരിയും കാപ്പുകെട്ടിനു ഉള്ളൂർ രാജൻ സ്വാമിയും കാർമ്മികരായി.ഘോഷയാത്രയെ തുടർന്ന് തെങ്കാശി പാതയിൽ ചുള്ളിമാനൂർ മുതൽ പുത്തൻപാലം വരെ ഗതാഗതം തടസപ്പെട്ടെങ്കിലും പൊലീസും ഉത്സവ ഭാരവാഹികളും ഇടപെട്ട് കരുപ്പൂര്,ശക്തിപുരം റോഡുകളിലൂടെ വാഹനഗതാഗതം പുനഃസ്ഥാപിച്ചു.ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് ആനാട് ജയൻ, ഉത്സവക്കമ്മിറ്റി ചെയർമാൻ ആർ.അജയകുമാർ,ജനറൽ കൺവീനർ ആനാട് സുരേഷ് എന്നിവർ മേൽനോട്ടം വഹിച്ചു.