നെയ്യാറ്റിൻകര:കരമന- കളിയിക്കാവിള ദേശീയപാതയിലെ മൂന്നുകല്ലിൻമൂട് മുതൽ ഊരൂട്ടുകാല ക്ഷേത്രം വരെയുള്ള റോഡിൽ വാട്ടർ അതോറിട്ടിയുടെ പൈപ്പ്പൊട്ടി വെള്ളം ഒഴുകുന്നു. പ്രദേശത്തെ ഓട അടഞ്ഞുകിടക്കുന്നതിനാൽ പൈപ്പ്പൊട്ടിയൊഴുകുന്ന വെള്ളവും മഴവെള്ളവും സ്ലാബുകൾക്കിടയിലൂടെ റോഡിലേക്കാണ് ഒഴുകുന്നത്. ഇതോടെ ടാർ ഇളകി കുഴികൾ രൂപപ്പെട്ട് റോഡും അപകടാവസ്ഥയിലായി. മഴപെയ്താൽ വെള്ളക്കെട്ടും വാഹനങ്ങൾ തെന്നി അപകടവും ഇവിടെ പതിവാണ്. സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ ദിവസേന യാത്രചെയ്യുന്ന റോഡാണിത്. നാട്ടുകാർ നിരന്തരം പരാതിപ്പെട്ടതിനെ തുടർന്ന് പൈപ്പ് റിപ്പയർ ചെയ്തെങ്കിലും വെള്ളത്തിന്റെ ഒഴുക്ക് പൂർണ്ണമായും തടയാൻ സാധിച്ചിട്ടില്ല.
നിർമ്മാണം അശാസ്ത്രീയം
ഓട നിർമ്മാണം തന്നെ അശാസ്ത്രീയമാണെന്നാണ് ആരോപണം. റോഡിലൂടെ മഴക്കാലത്ത് ഒഴുകുന്ന വെള്ളം ഓടയിലേക്കൊഴുക്കാൻ സംവിധാനമില്ലാത്തതും സ്ലാബുകൾ പൊട്ടിപ്പൊളിഞ്ഞും ഇളകികിടക്കുന്നതും കാരണം വെള്ളം റോഡിലേക്കാണ് കയറുന്നത്. നഗരസഭാ ആരോഗ്യവിഭാഗത്തോട് ഓട വൃത്തിയാക്കലിനെക്കുറിച്ച് പരാതിപ്പെട്ടാൽ “ ഓട തങ്ങളുടെ അധികാരപരിധിയിലുള്ളതല്ല.” എന്നുപറഞ്ഞ് ഒഴിഞ്ഞുമാറുന്ന മറുപടിയാണ്.
നടപടി സ്വീകരിക്കണം
ജലവിതരണ പൈപ്പുകൾ സ്ഥാപിച്ചിട്ടും വളരെക്കാലം ഗതാഗതയോഗ്യമല്ലാതിരുന്ന ഈ റോഡ് എം.എൽ.എ ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ മുടക്കി വാട്ടർ അതോറിട്ടിയുടെ മേൽനോട്ടത്തിലാണ് ഒന്നരവർഷം മുൻപ് നവീകരിച്ചത്. ഓട നിർമ്മാണത്തിലെ അശാസ്ത്രീയത വീണ്ടും റോഡ് പൊട്ടിപ്പൊളിയാനിടയായി. പൈപ്പ്പൊട്ടൽ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നും ഓടകൾ അടിയന്തരമായി വൃത്തിയാക്കി സ്ലാബുകൾ പുനഃക്രമീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
നഗരസഭയിലെ ടൗൺ,ബ്രഹ്മംകോട്,ഊരൂട്ടുകാല വാർഡുകൾ ഉൾപ്പെടുന്ന ഈ റോഡ്, ഊരൂട്ടുകാല ഗവ.എം.ടി.എച്ച്.എസ്,ടി.ടി.ഐ, നെയ്യാറ്റിൻകര ബി.ആർ.സി,ഡോ.ജി.ആർ പബ്ലിക് സ്കൂൾ,മോട്ടോർ വാഹന വകുപ്പിന്റെ ഡ്രൈവിംഗ് പരിശോധന കേന്ദ്രം,ഊരൂട്ടുകാല ഭദ്രകാളി ദേവിക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള പ്രധാന റോഡാണ്