cup

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കായികമേളയുടെ ചരിത്രത്തിൽ ആദ്യമായി ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുന്ന ജില്ലയ്ക്ക് നൽകുന്ന 117.5 പവൻ മുഖ്യമന്ത്രിയുടെ സ്വർണക്കപ്പ് അഖിലേഷ് അശോകൻ എന്ന 31 കാരൻ ഡിസൈൻ ചെയ്തത് ഒറ്റ രാത്രി കൊണ്ട്. കേരളീയ സാംസ്കാരികതയുടെ മുദ്ര കപ്പിൽ വേണമെന്ന് ഉറപ്പിച്ചിരുന്നു. ഇതിനിടയിലാണ് 'വിജയകാഹളം' എന്ന വാക്ക് അഖിലേഷിന്റെ മനസ്സിലേക്ക് വന്നത്. അതിൽ പിടിച്ചു കാഹളം മുഴക്കുന്ന കൊമ്പ് ഡിസൈൻ ചെയ്തു. അങ്ങിനെ ഒറ്റ രാത്രിയിൽ ഡിസൈൻ പൂർത്തിയായി.

തിരുവനന്തപുരം, കിള്ളിപ്പാലം സ്വദേശിയായ അഖിലേഷ് 10 വർഷമായി ഗ്രാഫിക് ഡിസൈനറാണ്. പക്ഷെ ഗ്രാഫിക് ഡിസൈനിംഗ് കോഴ്സ് ഒന്നും തന്നെ പഠിച്ചിട്ടില്ല. താൽപ്പര്യം കൊണ്ടാണ് താൻ ഈ മേഖലയിൽ എത്തിയതെന്ന് ഇപ്പോൾ കൈറ്റ് വിക്റ്റേഴ്സിൽ ജോലി ചെയ്യുന്ന അഖിലേഷ് പറയുന്നു.

സ്വർണ്ണകപ്പ് ഡിസൈൻ സമർപ്പിക്കേണ്ട അവസാന തീയ്യതി യുടെ തൊട്ടുതലേ ദിവസം മാത്രമാണ് അഖിലേഷ് ഒരു വാട്സാപ്പ് ഗ്രൂപ്പിൽ ഇതു സംബന്ധിച്ച അറിയിപ്പ് കാണുന്നത്. ഒ ളിമ്പിക്സ് ചരിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മത്സരം തുടങ്ങുന്നത് അറിയിക്കുന്നതിന്റെ കാഹളം മുഴക്കുന്ന തനത് സംഗീത ഉപകരണമായ കൊമ്പ് ആണ് കപ്പിലെ പ്രധാന പ്രതീകം. ദീപശിഖയും

കപ്പിന്റെ ഭാഗമായി. 14 ജില്ലകളെ പ്രതിനിധീകരിച്ച് ഒളിമ്പിക്‌സ് മാതൃകയിലുള്ള 14 വളയങ്ങൾ, 14 ആനകൾ, ഇൻക്ലൂസീവ് സ്‌പോർട്‌സിനെ ഉൾപ്പെടെ പ്രതിനിധാനം ചെയ്യുന്ന 14 കായിക ഇനങ്ങൾ,

സംസ്ഥാന സ്‌കൂൾ കായികമേളയുടെ സ്ഥിരം ലോഗോ, തേക്കിൽ പണിതീർത്ത പീഠത്തിൽ ബ്രാസ് പ്ലേറ്റിങ്ങിൽ 'കേരള സ്‌കൂൾ കായികമേള' എന്നും 'ദ ചീഫ് മിനിസ്റ്റേഴ്‌സ് കപ്പ് എന്നും ആലേഖനം ചെയ്തതോടെ വെട്ടിത്തിളങ്ങുന്ന സ്വർണ്ണ മഞ്ഞ നിറത്തിൽ കപ്പ് ഉഗ്രനായി. മലബാർ ഗോൾഡ് ആണ് കപ്പ് നിർമ്മിച്ചിരിക്കുന്നത്. 22 കാരറ്റ് ബി.ഐ.എസ് നയൻ വൺ സിക്‌സ് ഹാൾമാർക്ക് ചെയ്ത സ്വർണ്ണത്തിലായിരുന്നു ഏകദേശം 4.37 കിലോഗ്രാം ഭാരമുള്ള കപ്പിന്റെ നിർമ്മാണം.