samaram

വിതുര: പഞ്ചായത്തിലെ മണലി വാർഡിൽ വർദ്ധിച്ചുവരുന്ന കാട്ടാനശല്യത്തിന് പരിഹാരം കാണണമെന്നും ഇവിടെ മാസങ്ങളായി നിലയുറപ്പിച്ചിരിക്കുന്ന ഒറ്റയാനെ പിടികൂടണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ വനപാലകരെ തടഞ്ഞ് പ്രതിഷേധസമരം നടത്തി. മണലി, കല്ലൻകുടി, നെട്ടയം, തലത്തൂതക്കാവ് മേഖലകളിൽ അധിവസിക്കുന്നവരാണ് സമരവുമായി രംഗത്തെത്തിയത്. മണലി മേഖലയിൽ കാട്ടാനശല്യം രൂക്ഷമായിട്ട് മാസങ്ങളേറെയായി.പ്രദേശത്തെ കൃഷി മുഴുവൻ ഇതിനകം കാട്ടാനകൾ നശിപ്പിച്ചു. പതിനായിരക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. മാത്രമല്ല തലത്തൂതക്കാവ് ഗവൺമെന്റ് ട്രൈബൽസ്കൂളിന് പരിസരത്തും ആനശല്യം രൂക്ഷമാണ്. വനംവകുപ്പിന് പരാതികൾ നൽകിയെങ്കിലും നടപടികൾ സ്വീകരിച്ചിട്ടില്ല. ഇന്നലെ രാവിലെ ഫോറസ്റ്റുകാർ ആനയെ വനത്തിനുള്ളിലേക്ക് ഓടിച്ചുവിടാൻ എത്തിയപ്പോഴാണ് ആനയെ പിടികൂടണമെന്നാവശ്യപ്പെട്ട് സമരം ആരംഭിച്ചത്. കനത്ത മഴയെ അവഗണിച്ച് രാവിലെ 7ന് ആരംഭിച്ച സമരം ഉച്ചയ്ക്ക് 2 വരെ നീണ്ടു. ഇന്ന് ആനയെ ഉൾക്കാട്ടിൽകടത്തിവിടുമെന്നും മടങ്ങിയെത്തിയാൽ വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പ് നൽകിയതോടെയുമാണ് സമരം അവസാനിപ്പിച്ചത്. ആനയെ പിടികൂടുന്നതുവരെ സമരം തുടരുമെന്ന് നാട്ടുകാർ പറഞ്ഞു.

കാടുകയറാതെ ഒറ്റയാൻ

മണലിമേഖലയിൽ മാസങ്ങൾക്ക് മുൻപ് ഒറ്റയാനെത്തി ഭീതിയും നാശവും വിതച്ചിരുന്നു.ദേഹത്ത് മുറിവേറ്റ നിലയിലായിരുന്നു ഒറ്റയാൻ. മാസങ്ങൾ പിന്നിട്ടിട്ടും ആന ഇവിടെനിന്നും കാട്ടിലേക്ക് മടങ്ങിയില്ല. വനപാലകരും നാട്ടുകാരും പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും ആന പിൻവാങ്ങാൻ തയ്യാറായില്ല. ഒടുവിൽ ഒറ്റയാനെ മയക്കുവെടിവച്ച് പിടികൂടി ചികിത്സ നൽകി. തിരികെ കാട്ടിൽ കയറ്റിവിട്ടെങ്കിലും ആന വീണ്ടും മണലിയിലെത്തി ഭീതി വിതക്കുകയായിരുന്നു. ശല്യം രൂക്ഷമായതോടെ നാട്ടുകാർ വീണ്ടും പ്രതിഷേധവുമായി രംഗത്തിറങ്ങി.

ആനസങ്കേതത്തിലേക്ക്

കൊണ്ടുപോകണം

ആദിവാസികാണിക്കാർ സംയുക്തസംഘം സംസ്ഥാനകമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലാർ ഫോറസ്റ്റ് ചെക്ക് പോസ്റ്റ് ഉപരോധിച്ച് സമരം നടത്തി. മണലിയിൽ ഭീതിപരത്തുന്ന ഒറ്റയാനെ രണ്ടാഴ്ചക്കകം പിടികൂടാമെന്ന് ഡി.എഫ്.ഒ ഉറപ്പ് നൽകിയതോടെയാണ് സമരം അവസാനിച്ചത്. എന്നാൽ രണ്ടാഴ്ചയാകാറായിട്ടും ആനയെ പിടികൂടിയില്ല. ആനശല്യം മൂലം രാത്രിയിൽ പുറത്തിറങ്ങുവാൻ കഴിയാത്ത അവസ്ഥയായി. ഇതോടെയാണ് നാട്ടുകാർ ഇന്നലെ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.ആനയെ മേഖലയിൽ നിന്ന് തുരത്താമെന്ന് വനപാലകർ പറയുന്നു. എന്നാൽ ആനയെ മയക്കുവെടിവച്ച് പിടികൂടി ആനസങ്കേതത്തിലേക്ക് കൊണ്ടുപോകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.