d

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേരളത്തിൽ തീവ്ര വോട്ടർപ്പട്ടിക പരിഷ്‌കരണം (എസ്.ഐ.ആർ) നടത്താനുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബി.ജെ.പിയുടെ തന്ത്രമാണ് ഇതിനു പിന്നിൽ. തീരുമാനം പുനഃപരിശോധിക്കണം.

എസ്.ഐ.ആർ പരിഷ്കരണം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ താളം തെറ്റിക്കും. ഉദ്യോഗസ്ഥ വിന്യാസത്തിലുൾപ്പെടെ പ്രതിസന്ധിയുമുണ്ടാക്കും. കേന്ദ്ര സർക്കാർ തീരുമാനത്തിന് അനുസരിച്ച് പ്രവർത്തിക്കേണ്ട സ്ഥാപനമല്ല തിരഞ്ഞെടുപ്പ് കമ്മിഷൻ. 23 വർഷമായി വോട്ടിടുന്നവരുടെ പേര് വോട്ടർപട്ടികയിൽ നിന്ന് ഇല്ലാതാക്കുന്ന മായാജാലമാണ് എസ്.ഐ.ആറിലൂടെ നടപ്പാക്കുന്നത്. ജനവിധി അട്ടിമറിക്കാനുള്ള നീക്കത്തിന് തിരഞ്ഞെടുപ്പ് കമ്മിഷൻ കൂട്ടുനിൽക്കുന്നത് ജനാധിപത്യത്തെ ദുർബലപ്പെടുത്തുമെന്നും സതീശൻ പറഞ്ഞു.