
തിരുവനന്തപുരം: സമൂഹത്തെയും ജനത്തെയും മികച്ച രീതിയിൽ നയിക്കുന്ന കേരളം രാജ്യത്തിന് മാതൃകയാണെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പറഞ്ഞു. സംസ്ഥാന കായികമേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസവും സ്‌പോർട്സും ഒരുമിച്ചുകൊണ്ടുപോകാൻ കഴിയുന്നതിന്റെ വലിയ തെളിവാണ് കായിക മേള. മെഡൽ നേട്ടങ്ങൾ സമൂഹത്തിന് വേണ്ടിയാണെന്ന് മറ്റു സംസ്ഥാനങ്ങൾക്ക് കാണിച്ചുകൊടുക്കുകയാണ് കേരളം. ഇത്രയും മനോഹരമായ സംസ്ഥാനത്തിന്റെ ഗവർണറായതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പഞ്ഞു.
കുട്ടികൾ ഒരു കായിക ഇനമെങ്കിലും പഠിക്കണം: മന്ത്രി ശിവൻകുട്ടി
പൊതുവിദ്യാഭ്യാസ രംഗത്ത് ഒരു വിദ്യാർത്ഥി ഒരു കായിക ഇനമെങ്കിലും പഠിക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി നിർദ്ദേശിച്ചു. സമാപനച്ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. പരിശീലനത്തിനും മത്സരത്തിനും ഉപകരണങ്ങളില്ലാത്ത പാവപ്പെട്ട കുട്ടികൾക്ക് അത് ലഭ്യമാക്കും. വിദ്യാഭ്യാസ വകുപ്പിൽ ജോലിചെയ്യുന്ന കായിക താരങ്ങളുടെ സേവനം വിദ്യാർത്ഥികൾക്ക് എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് ആലോചിക്കും. ദേശീയതലത്തിൽ മത്സരിക്കുന്നവരുടെ അലവൻസ് വർദ്ധിപ്പിക്കാൻ നടപടിയെടുക്കും. കായിക താരങ്ങൾക്ക് പ്രത്യേക പരിഗണന നൽകണമെന്ന് കേന്ദ്ര റെയിൽവേ മന്ത്രിയോട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിമാരായ ജി.ആർ. അനിൽ, വീണജോർജ്, പി.എ. മുഹമ്മദ് റിയാസ്, എം.എൽ.എമാരായ ആന്റണി രാജു, വി. ജോയ്, കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.