
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പമിരുത്തി മുരാരി ബാബുവിനെ ചോദ്യം ചെയ്യും. ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളി ചെമ്പാണെന്ന് വ്യാജ രേഖയുണ്ടാക്കിയത് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന ബാബുവാണ്. നാലു ദിവസത്തേക്കാണ് മുരാരി ബാബുവിന്റെ കസ്റ്റഡി.
ഇയാളെ സന്നിധാനത്തെത്തിച്ച് തെളിവെടുക്കാനും പ്രത്യേക അന്വേഷണ സംഘം ശ്രമിക്കുന്നുണ്ട്. ഗൂഢാലോചനയിൽ മുരാരി ബാബുവിനും പങ്കുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. പോറ്റിയേയും മുരാരിയെയും ഒന്നിച്ചിരുത്തിയുള്ള ചോദ്യം ചെയ്യലിൽ കേസിലെ ഗൂഢാലോചന അടക്കം കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് പ്രത്യേക അന്വേഷണ സംഘം കരുതുന്നത്. പോറ്റിയുടെ കസ്റ്റഡി കാലാവധി 30ന് തീരും. പോറ്റിയുമായി കേരളത്തിലെ തെളിവെടുപ്പും ഉടൻ പൂർത്തിയാക്കും.
ദേവസ്വം ബോർഡ്
രേഖകൾ നൽകണം
സ്വർണപ്പാളി ഇടപാടിലെ മുഴുവൻ രേഖകളും ഉടൻ നൽകണമെന്നും ഇല്ലെങ്കിൽ നിയമ നടപടിയെടുക്കുമെന്നും ദേവസ്വം ബോർഡിനെ പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. വിജയ് മല്യ സ്വർണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട രേഖകളാണ് ഇനി കിട്ടാനുള്ളത്. മരാമത്ത് വിഭാഗത്തിന്റെ രേഖകളും കിട്ടാനുണ്ട്. രേഖകൾ കൈമാറാൻ ഇനി സാവകാശം നൽകാനാകില്ലെന്ന് എസ്.ഐ.ടി വ്യക്തമാക്കി.