d

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി പശുവിനെ തഴുകുന്ന ചിത്രം സഹിതമുള്ള മൊബൈൽ വെറ്ററിനറി യൂണിറ്റിനായി മന്ത്രി ജെ. ചിഞ്ചുറാണി കേന്ദ്രഫണ്ട് സ്വീകരിച്ചതിനെക്കുറിച്ച് സൈബർ ഇടങ്ങളിൽ വിവാദം. സി.പി.ഐക്ക് ആകാമെങ്കിൽ സി.പി.എമ്മിന് ആയിക്കൂടെ എന്നാണ് സി.പി.എം സഖാക്കളുടെ ചോദ്യം.

പി.എം ശ്രീയെപ്പോലെ മൃഗസംരക്ഷണ വകുപ്പ് ഒരു ധാരണപത്രവും കേന്ദ്രവുമായി ഒപ്പിട്ടിട്ടില്ലെന്നാണ് സി.പി.ഐയുടെ മറുപടി. നരേന്ദ്രമോദി പശുവിനെ തഴുകുന്ന ചിത്രം സഹിതമുള്ള മൊബൈൽ വെറ്ററിനറി യൂണിറ്റ് മൂന്ന് വർഷങ്ങൾക്കു മുൻപ് കേന്ദ്രം നൽകിയതാണ്. അത് കേന്ദ്രാവിഷ്കൃത പദ്ധതിയാണ്. ഇപ്പോൾ 29 വാഹനങ്ങൾ ഇത്തരത്തിലുണ്ട്. ഒരുവശത്ത് പ്രധാനമന്ത്രിയുടെ ചിത്രമുണ്ടെങ്കിൽ മറുവശത്ത് മുഖ്യമന്ത്രിയുടെയും മൃഗസംരക്ഷണ മന്ത്രിയുടെയും ചിത്രമുണ്ടെന്നാണ് മറുപടി.

ഈ പദ്ധതിയെ പി.എം ശ്രീയുമായി താരതമ്യം ചെയ്യരുതെന്നും കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിൽ വെള്ളം ചേർക്കാൻ അനുവദിക്കില്ലെന്നും ചിഞ്ചുറാണി പറഞ്ഞു. സംസ്ഥാനത്തു നടക്കുന്ന മിക്ക പദ്ധതികളിലും കേന്ദ്രഫണ്ട്‌ ഉപയോഗിക്കാറുണ്ടെന്നതാണ് വാസ്തവം.