d

തിരുവനന്തപുരം : പ്രായപരിധി പിന്നിട്ടതിനെ തുടർന്ന് ഒഴിവാക്കപ്പെട്ട മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രനടക്കം 12പേരെ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗങ്ങളാക്കാൻ തീരുമാനിച്ചു. ജോർജ്ജ് തോമസ്, കെ.ആർ.അജയൻ, ജോയന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി കെ.പി.ഗോപകുമാർ, മുൻസെക്രട്ടറി സി.ആർ.ജോസ് പ്രകാശ്, എസ്.സജീവ്, എ.ഷാജഹാൻ, ഒ.കെ.ജയകൃഷ്ണൻ, വി.ഹാരിസ്, ഡോ.സാജിദ്, കെ.പി.ജയചന്ദ്രൻ, എസ്.രാമകൃഷ്ണൻ എന്നിവരെയാണ് കൗൺസിൽ അംഗങ്ങളാക്കിയത്. കെ.കെ. വത്സരാജിനെ ട്രഷററാക്കി.

75 വയസ്സ് പ്രായപരിധി പിന്നിട്ടതിനെ തുടർന്ന് നിർവാഹകസമിതിയിൽ നിന്ന് ഒഴിവായ കെ.ആർ.ചന്ദ്രമോഹൻ, ഇ.ചന്ദ്രശേഖരൻ,സി.എൻ.ജയദേവൻ,വി.ചാമുണ്ണി എന്നിവരെ ബന്ധപ്പെട്ട ജില്ലാ കൗൺസിലുകളിൽ ക്ഷണിതാക്കളാക്കും.

സംസ്ഥാന നിർവാഹകസമിതി അംഗങ്ങളുടെ ചുമതലകളും നിശ്ചയിച്ചു. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പാർട്ടി സെന്ററിന്റെയും സംഘടനയുടെയും ചുമതല വഹിക്കും. പാർട്ടി ഓഫിസിന്റെ ചുമതല അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരിക്കാണ്. അസിസ്റ്റന്റ് സെക്രട്ടറി പി.പി.സുനീറിന് പാർട്ടി സെന്ററിന്റെ ചുമതലയ്‌ക്കൊപ്പം പ്രവാസി ചുമതലയും നൽകി. മന്ത്രി കെ.രാജനാണ് വിദ്യാർത്ഥി യുവജന സംഘടനകളുടെ ചുമതല. മന്ത്രി പി.പ്രസാദ് (പരിസ്ഥിതി, കലാസാംസ്‌കാരിക സംഘടനകൾ ), മന്ത്രി ജി.ആർ.അനിൽ (തദ്ദേശഭരണം,ജനയുഗം), മന്ത്രി ജെ.ചിഞ്ചുറാണി (മഹിളാ സംഘം)എന്നിങ്ങനെയാണ് ചുമതല.