വർക്കല: വ്യാപാര സ്ഥാപനത്തിനുനേരെ സമൂഹ മാദ്ധ്യമം വഴി അപവാദപ്രചാരണമെന്നും വ്യക്തിഹത്യയെന്നും ആരോപിച്ച്, സ്വകാര്യ ന്യൂസ് ചാനലിനും ഉടമയ്ക്കുമെതിരെ വ്യാപാരി ഡി.ജി.പിക്ക് പരാതി നൽകി.വർക്കലയിലെ പ്രമുഖ സിമന്റ് വ്യാപാരിയായ ബോബിയാണ് ഡി.ജി.പിക്ക് പരാതി നൽകിയത്.

ചെന്നൈ ആസ്ഥാനമായുള്ള സിമന്റ് കമ്പനിയെ കബളിപ്പിച്ച് 50 ലക്ഷം രൂപ ബോബി തട്ടിയെടുത്തെന്നാണ് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചത്. ബോബിയുടെ കടയിൽ അതിക്രമിച്ച് കയറി ചാനൽ പ്രവർത്തകർ ദൃശ്യങ്ങൾ പകർത്തിയെന്നും, വാർത്ത നൽകാതിരിക്കാൻ 5 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും പരാതിയിൽ പറയുന്നു. പണമാവശ്യപ്പെട്ട് ഭീഷണിയുയർന്നപ്പോൾത്തന്നെ വർക്കല പൊലീസിൽ പരാതി നൽകി.എന്നാൽ ആഴ്ചകൾ പിന്നിട്ടിട്ടും പൊലീസ് നടപടിയെടുക്കാത്തതിനാലാണ് ഡി.ജി.പിക്ക് പരാതി നൽകിയതെന്നും വ്യാപാരി പറയുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷിക്കണമെന്നും വ്യാപാരിക്ക് നീതി ലഭിക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി ബി.ജോഷി ബാസു ആവശ്യപ്പെട്ടു.