fir

കരമന: കളിക്കുന്നതിനിടെ കടലിൽ വീണ ഫുട്ബാൾ കുട്ടികൾക്ക് എടുത്തുകൊടുത്തശേഷം പൊഴികടക്കാൻ ശ്രമിച്ച യുവാവിനെ ചുഴിയിൽപ്പെട്ട് കാണാതായി. പുന്തുറ ജോൺപോൾ രണ്ടാമൻ തെരുവിൽ ഹൃദയദാസന്റെയും ഷാർലറ്റിന്റെയും മകൻ ജോബിനെയാണ് (24) കാണാതായത്.

ഇന്നലെ വൈകിട്ട് 3ഓടെയായിരുന്നു സംഭവം. വെൽഡിംഗ് തൊഴിലാളിയാണ് ജോബ്. വർക്ക്‌ഷോപ്പ് അടച്ചശേഷം ഒപ്പം ജോലിചെയ്യുന്ന ശ്രീക്കുട്ടൻ,അജീഷ്,മനുദാസ് എന്നിവർക്കൊപ്പം ഉച്ചയോടെ പൂന്തുറ പൊഴിക്കരയിൽ ചൂണ്ടയിടാനെത്തി. ഈ സമയം പൂന്തുറ കടൽത്തീരത്ത് കുട്ടികളുടെ സംഘം ഫുട്‌ബാൾ കളിക്കുന്നുണ്ടായിരുന്നു. ഇവരുടെ പന്ത് കടലിൽ വീണപ്പോൾ ജോബ് കടലിലിറങ്ങി പന്തെടുത്ത് കുട്ടികൾക്ക് എറിഞ്ഞുകൊടുത്തു. തുടർന്ന് കരയിലേക്ക് നടന്നുവരുമ്പോൾ പൊഴിയിലെ ചുഴിക്കുള്ളിൽപ്പെട്ട് ജോബ് താഴ്ന്നുപോവുകയായിരുന്നെന്ന് കൂടെയുള്ള സുഹൃത്തുക്കൾ പറഞ്ഞു.

സംഭവമറിഞ്ഞ് പൂന്തുറ ഇടവക വികാരി ഫാ.ഡാർവിൻ,കൗൺസിലർ മേരി ജിപ്‌സി,ജോബിന്റെ ബന്ധുക്കൾ തുടങ്ങിയവർ പൊഴിക്കരയിലെത്തി. തിരുവല്ലം,പൂന്തുറ സ്‌റ്റേഷനുകളിലെ എസ്.എച്ച്.ഒമാരായ സജീവ്,ജെ.പ്രദീപ് എന്നിവരടക്കമുള്ള പൊലീസ് സംഘവും വിഴിഞ്ഞം അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. ഇവർ നൽകിയ നിർദ്ദേശമനുസരിച്ച് കോസ്റ്റൽ എസ്.എച്ച്.ഒ വിപിന്റെ നേതൃത്വത്തിലുള്ള മുങ്ങൽ വിദഗ്ദ്ധരായ സാദിക്,സിയാദ്,നിസാം,കിരൺ,അലക്‌സാണ്ടർ,വാഹിദ് എന്നിവരെത്തി പൊഴിഭാഗത്തും കരമനയാറിന്റെ ഭാഗത്തും തെരച്ചിൽ നടത്തിയിട്ടും ആളെ കണ്ടെത്താനായില്ല. ഇന്ന് തെരച്ചിൽ തുടരുമെന്ന് പൊലീസ് അറിയിച്ചു.