തിരുവനന്തപുരം: കോർപ്പറേഷൻ ഭരണം പിടിക്കാൻ കച്ചമുറുക്കി മുന്നണികൾ. വാർഡുകൾ കൂടുതൽ ആവശ്യപ്പെട്ട് പാർട്ടികൾ മുന്നണിയിൽ വിലപേശലും തുടങ്ങി. പ്രമുഖരെ രംഗത്തിറക്കി സീറ്റുകൾ പിടിച്ചെടുക്കാനുള്ള ചർച്ചകളാണ് അണിയറയിൽ നടക്കുന്നത്.
സി.പി.എമ്മിൽ എസ്.പി.ദീപക്,മുൻ മേയർ കെ.ശ്രീകുമാർ എന്നിവരെ മുൻനിറുത്തിയാകും മത്സരം നടത്തുകയെന്നാണ് സൂചന. കോൺഗ്രസിൽ ശരത്ചന്ദ്ര പ്രസാദിനെ മത്സരിപ്പിക്കാൻ നീക്കമുണ്ട്. ബി.ജെ.പിയിൽ എം.ആർ.ഗോപൻ,വി.വി.രാജേഷ് എന്നിവരുടെ നേതൃത്തിലാണ് ഭരണം പിടിച്ചെടുക്കാനുള്ള നീക്കം. ജനറൽ സീറ്റുകൾ സ്ത്രീ സംവരണമായതോടെ പല നേതാക്കളും പുതിയ വാർഡുകൾ തേടുകയാണ്.
എൽ.ഡി.എഫിൽ സി.പി.എം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സീറ്റ് സി.പി.ഐയ്ക്കാണ്. നിലവിൽ 17 സീറ്റിൽ മത്സരിക്കുന്ന സി.പി.ഐ ഒരു സീറ്റുകൂടി ആവശ്യപ്പെട്ടിട്ടുണ്ട്. കേരള കോൺഗ്രസ്-എം,ജനതാദൾ,കേരള കോൺഗ്രസ് -ബി,ജനാധിപത്യ കേരളാകോൺഗ്രസ്, ആർ.ജെ.ഡി,കേരള കോൺഗ്രസ്-സ്കറിയ,കോൺഗ്രസ്-എസ്,ഐ.എൻ.എൽ,എൻ.സി.പി ശരദ് പവർ എന്നീ പാർട്ടികളാണ് നിലവിലുള്ളതിനേക്കാൾ സീറ്റ് ആവശ്യപ്പെട്ടത് രംഗത്തുള്ളത്.
യു.ഡി.എഫിൽ കോൺഗ്രസ് കഴിഞ്ഞാൽ മുസ്ലിം ലീഗാണ് വലിയ പാർട്ടി. പത്ത് വാർഡുകളാണ് ലീഗ് ഇത്തവണ ആവശ്യപ്പെട്ടിട്ടുള്ളത്. ആർ.എസ്.പി,സി.എം.പി,കേരള കോൺഗ്രസ് -ജോസഫ്,കേരളാകോൺഗ്രസ് -ജേക്കബ്, എന്നിവയാണ് ഒന്നലധികം സീറ്റുകൾ ആവശ്യപ്പെടുന്ന പാർട്ടികൾ. ചെല്ലമംഗലം വാർഡ് വേണമെന്ന ആവശ്യമാണ് ഫോർവേഡ് ബ്ലോക്കിനുള്ളത്. ജെ.എസ്.എസും ഒരു സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.