
അമ്പലപ്പുഴ : കൊയ്യാൻ പത്തുദിവസം മാത്രം ശേഷിക്കെ നെൽച്ചെടികൾ തുലാമഴയിലും കാറ്റിലും നിലംപതിച്ചതോടെ കണ്ണീരോടെ കർഷകർ.തകഴി കൃഷി ഭവന് കീഴിലുള്ള കരുമാടിപടിഞ്ഞാറ് പാടശേഖത്തിലെ പകുതിയോളം നെൽച്ചെടികളാണ് കാറ്റിലും മഴയിലും നിലം പൊത്തിയത്. പലിശക്കെടുത്തും സ്വർണം പണയം വെച്ചുമാണ് ചെറുകിട കർഷകർ കൃഷിയിറക്കിയത്. വിളവെത്താതെ നിലംപൊത്തിയ നെൽച്ചെടികൾ ചീഞ്ഞതോടെ വലിയ നഷ്ടമാണ് കർഷകർക്കുണ്ടായത്. ഏക്കറിന് 45000 രൂപ വരെ ചെലവാക്കിയാണ് കൃഷിയിറക്കിയത്. 180 ഏക്കറുള്ള പാടശേഖരത്ത് 72 ചെറുകിട കർഷകരാണ് ഉള്ളത്.
വിളവെത്താൻ 130 ദിവസം വേണ്ട ഉമ നെൽവിത്താണ് കൃഷി ചെയ്തത്. 115-120 ദിവസം പ്രായമായപ്പോഴാണ് കാറ്റും മഴയുമെത്തിയതും നെൽച്ചെടികൾ നിലംപൊത്തിയതും.
നെൽച്ചെടികൾ ചീഞ്ഞുപോയി
സർക്കാർ കനിഞ്ഞാൽ മാത്രമെ തങ്ങൾക്ക് ഇനിയും കൃഷി ചെയ്യുവാനും കടങ്ങൾ വീട്ടാനും കഴിയുകയുള്ളൂ എന്നും കർഷകർ
പല കർഷകർക്കും വിള ഇൻഷ്വറൻസ് ഉണ്ടെങ്കിലും നഷ്ടപ്പെട്ടതിന്റെ മൂന്നിലൊന്നു മാത്രമെ ലഭിക്കുകയുള്ളുവെന്നാണ് ഇവർ പറയുന്നത്
വിളയുന്നതിനു മുമ്പ് നിലംപൊത്തിയതിനാൽ വീണ നെൽച്ചെടികൾ ചീഞ്ഞുപോയി.
നല്ല വിളവ് പ്രതീക്ഷിച്ചിരുന്ന സമയത്താണ് മഴയും കാറ്റും വന്ന് നെൽച്ചെടികൾ വീണത്. കൃഷിഭവൻ വഴി സഹായങ്ങൾ ലഭിച്ചാൽ മാത്രമേ കർഷകർക്ക് നിലനിൽക്കാനാവുകയുള്ളൂ
- ബിജു വാസുദേവൻ, സെക്രട്ടറി പാടശേഖര സമിതി