
ആലപ്പുഴ: കുടുംബശ്രീ ഉത്പന്നങ്ങൾ വീട്ടിലെത്തിക്കുന്ന ഹോംഷോപ്പ് പദ്ധതി സംസ്ഥാനത്ത് വിപുലീകരിക്കും. അയൽക്കൂട്ടാംഗങ്ങളായ 7000 പേരാണ് നിലവിൽ പ്രവർത്തിച്ചുവരുന്നത്. പുതുതായി 5000 പേരെക്കൂടി ചേർക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് 51 ഹോംഷോപ്പി മാനേജ്മെന്റ് ടീമുകൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. കുടുംബശ്രീ സംരംഭകരിൽ നിന്നുള്ള ഉത്പന്നങ്ങൾ ശേഖരിക്കുന്ന, കുടുംബശ്രീ അംഗങ്ങളായ ഹോംഷോപ്പ് ഓണർമാർ ഈ ഉത്പന്നങ്ങൾ വീടുകളിലേക്ക് നേരിട്ട് എത്തിച്ച് വിപണനം ചെയ്യുന്നതാണ് ഹോംഷോപ്പ് പദ്ധതി . ഹോംഷോപ്പ് മാനേജ്‌മെന്റ് ടീം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.
ജില്ലയിൽ 10 ബ്ലോക്കുകളിലായി രണ്ട് ഹോംഷോപ്പ് ടീമുകളാണുള്ളത്. ഇതിൽ 600ഓളം പേർ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. ഇവരുടെ എണ്ണം 1200 ആയി കൂട്ടുകയാണ് ലക്ഷ്യം. കൂടുതൽപ്പേരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ജനുവരിയോടെ പൂർത്തിയാകും.
കഴിഞ്ഞ സാമ്പത്തികവർഷം 19.5 കോടി രൂപയുടെ വിറ്റുവരവും ഈ സാമ്പത്തികവർഷം ആദ്യപാദത്തിൽ 3.42 കോടി രൂപയുടെ വിറ്റുവരവും ഹോംഷോപ്പ് പദ്ധതിയിലൂടെ നേടി.
കഴിഞ്ഞ വർഷത്തെ വിറ്റുവരവ്
₹19.5 കോടി
കുടുംബശ്രീ സംരംഭകരുടെ ഗുണനിലവാരമുള്ള ഉത്പന്നങ്ങളാണ് ഹോം ഷോപ്പിലൂടെ വിൽക്കുന്നത്
സോപ്പ്, സോപ്പ്പൊടി, ഭക്ഷ്യ ഉത്പന്നങ്ങൾ, തുണിത്തരങ്ങൾ, കരകൗശല ഉത്പന്നങ്ങൾ തുടങ്ങിയവയാണ് പ്രധാനമായും വിൽക്കുന്നത്
കുടുംബശ്രീ ഉത്പാദകർക്ക് കാര്യക്ഷമമായ വിതരണ-വിപണന ശൃംഖലയുണ്ടാക്കി തൊഴിലും സ്ഥിരവരുമാനവും ലഭ്യമാക്കുകയാണ് ലക്ഷ്യം
ഉപഭോക്താക്കൾക്ക് ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ ന്യായവിലയിൽ ലഭ്യമാക്കാനും ഹോം ഷോപ്പിലൂടെ സാധിക്കും