ആലപ്പുഴ: ആലപ്പുഴ ഉപജില്ല സ്‌കൂൾ കലോത്സവത്തിന് നാളെ തിരിതെളിയും. ആലപ്പുഴ ലിയോ തേർട്ടീന്ത് എച്ച്.എസ്.എസ്, ലിയോ എൽ.പി. സ്കൂൾ, ലജ്‌നത്തുൽ മുഹമ്മദിയ്യ എച്ച്.എസ്.എസ്, മുഹമ്മദൻസ് ബോയ്‌സ് എച്ച്.എസ്.എസ്, സെന്റ് ജോസഫ്‌സ് ഗേൾസ് എച്ച്.എസ്.എസ്, സെന്റ് ജോസഫ്‌സ് എൽ.പി.എസ് എന്നിവിടങ്ങളിലെ വിവിധ വേദികളിലാണ് മത്സരം. 80 സ്കൂളുകളിൽ നിന്ന് 293 ഇനങ്ങളിലായി 2737 വിദ്യാർത്ഥികൾ മാറ്റുരക്കും. ആദ്യദിനം ചിത്രരചന, കഥ, കവിത രചന മത്സരങ്ങളും അറബിക്,​ സംസ്കൃതം രചനകളും നടക്കും. ബുധനാഴ്ച രാവിലെ 10ന് പ്രധാനവേദിയായ ആലപ്പുഴ ലിയോ തേർട്ടീന്ത് എച്ച്.എസ്.എസിൽ പി.പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭാദ്ധ്യക്ഷ കെ.കെ. ജയമ്മ അദ്ധ്യക്ഷത വഹിക്കും.തുടർന്ന് വിവിധവേദികളിലായി നൃത്ത ഇനങ്ങളും അറബിക്, സംസ്‌കൃത കലോത്സവും നടക്കും. വെള്ളിയാഴ്ച വൈകിട്ട് ആറിന് സമാപനസമ്മേളനം എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അദ്ധ്യക്ഷത വഹിക്കുമെന്ന് എ.ഇ.ഒ എം.കെ.ശോഭന, പി.ജെ.യേശുദാസ്, വി.സി.ആന്റണി, ടി.എ.അഷ്‌റഫ് കുഞ്ഞ് ആശാൻ, ടി.എ. ഷുഹൈറ, സിജോ ജോൺ, കെ.ജി.ജോസഫ്, ആർ.അരുൺ, പി.സംഗീത എന്നിവർ അറിയിച്ചു.