
മാന്നാർ: നെൽ കർഷകരെ ഭീതിയിലാക്കി കുരട്ടിശ്ശേരി പുഞ്ചയിലെ പാടശേഖരത്തിൽ അപകട ഭീഷണി ഉയർത്തി നിന്ന ട്രാൻസ്ഫോമറിന് കെ.എസ്.ഇ.ബി സുരക്ഷയൊരുക്കി. കുരട്ടിശ്ശേരി പുഞ്ചയിലെ പാടശേഖരങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ സ്ഥാപിച്ച ഫ്യൂസ് കാരിയറുകൾ ഉയർത്തുന്ന അപകട ഭീഷണിയെക്കുറിച്ച് കേരളകൗമുദി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
ട്രാൻസ്ഫോമറുകൾക്ക് സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് നാലുതോട് പാടശേഖര സമിതി പ്രസിഡന്റ് ഹരിദാസ് കിം കോട്ടേജ്, സെക്രട്ടറി രവീന്ദ്രനാഥ കൈമൾ എന്നിവർ മാന്നാർ കെ.എസ്.ഇ.ബി എ.ഇക്ക് പരാതിയും നൽകിയിരുന്നു. ഇതിനെത്തുടർന്നാണ് മാന്നാർ കെ.എസ്.ഇ.ബി അസി.എൻജിനിയറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് സുരക്ഷയൊരുക്കുന്നതിനുള്ള നടപടികൾ കൈക്കൊണ്ടത്. നാലുതോട് പാടശേഖരത്തിലും സമീപത്തുമായി നാല് ട്രാൻസ്ഫോമറുകളാണ് സുരക്ഷാ വേലികളില്ലാത്തതിനാൽ അപകട ഭീഷണി ഉയർത്തുന്നത്.
ഇതിൽ നാലുതോട് പാടശേഖരത്തിലെ മീൻകുഴിവേലി ട്രാൻസ്ഫോർമറിന്റെ ഫ്യൂസ് കാരിയകൾക്ക് സുരക്ഷാ കവചം തീർത്ത് സംരക്ഷണമൊരുക്കി. ഈ ട്രാൻസ്ഫോമറിന് സമീപത്തെ വെള്ളക്കെട്ടിലായിരുന്നു കഴിഞ്ഞ ദിവസം ചെന്നിത്തല പായിക്കാട്ട് സോമന്റെ ഒരു വയസ്സുള്ള പോത്ത് ഷോക്കേറ്റ് ചത്തത്.
മീൻ കുഴിവേലി ട്രാൻസ്ഫോമറിന്റെ ഫ്യൂസ് കാരിയറുകൾക്ക് സുരക്ഷാ കവചം ഒരുക്കിയ കെ.എസ്.ഇ.ബിക്ക് നന്ദി അറിയിക്കുന്നു. മറ്റ് ട്രാൻസ്ഫോമറുകൾക്കു കൂടി സുരക്ഷ ഒരുക്കണം
- നാലു തോട് പാടശേഖര സമിതി പ്രസിഡന്റ് ഹരിദാസ് കിം കോട്ടേജ്, സെക്രട്ടറി രവീന്ദ്രനാഥ കൈമൾ