
ആലപ്പുഴ: രണ്ടാം കൃഷിയിൽ കൊയ്ത്ത് പൂർത്തിയായ നെടുമുടി വള്ളുവൻകാട് പാടശേഖരത്തിലെ നെല്ല് സംഭരണം ആരംഭിച്ചു. ഇന്നലെ രാവിലെ ഭക്ഷ്യമന്ത്രിയും കൃഷിമന്ത്രിയും പങ്കെടുത്ത അടിയന്തര ഓൺലൈൻ യോഗത്തിലാണ് ആലപ്പുഴയിലെ നെല്ല് സംഭരിക്കാൻ തീരുമാനമായത്.
സപ്ലൈകോയുമായി വെള്ളിയാഴ്ച കരാർ ഒപ്പിട്ട കാലടി അമിലോസ് മില്ലിനോട് നെടുമുടി വള്ളുവൻകാട് പാടശേഖരം, പൂന്തുരം പാടശേഖരം എന്നിവിടങ്ങളിലെ നെല്ല് സംഭരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. കരുവാറ്റ ഈഴഞ്ചേരി വെസ്റ്റ്, പരിയക്കാടൻ സമിതി എന്നിവിടങ്ങളിലെ നെല്ലും അമിലോസ് മിൽ സംഭരിക്കും. മില്ലുകൾ സഹകരിക്കാത്തതിനാൽ കൊയ്ത്തു കഴിഞ്ഞ പാടശേഖരങ്ങളിൽ നെല്ല് സംഭരണം തടസ്സപ്പെട്ടിരുന്നു. നിലവിൽ 75 ലോഡ് നെല്ലാണ് ആലപ്പുഴയിൽ കെട്ടിക്കിടക്കുന്നത്. ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ, കൃഷിമന്ത്രി പി. പ്രസാദ്, സപ്ലൈകോ മാനേജിംഗ് ഡയറക്ടർ വി.എം.ജയകൃഷ്ണൻ , പാഡി മാനേജർ കവിത തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.