
ആലപ്പുഴ: ഒരു കോടി രൂപ ചെലവഴിച്ച് നവീകരിക്കുന്ന ജില്ലാ കോടതി ജംഗ്ഷൻ - കിടങ്ങാംപറമ്പ് - കോർത്തശേരി - പുന്നമട ഫിനിഷിംഗ് പോയിന്റ് ജംഗ്ഷൻ റോഡ് ഉടനൊന്നും കുത്തിപ്പൊളിക്കരുതേ എന്ന അപേക്ഷയുമായി പ്രദേശവാസികൾ. സിറ്റി ഗ്യാസ് പദ്ധതിക്കായി വൈകാതെ റോഡ് കുഴിച്ച് ഭൂഗർഭ കുഴൽ സ്ഥാപിക്കേണ്ടി വരുമെന്ന് സൂചന ലഭിച്ചതോടെയാണ് നാട്ടുകാർ ആശങ്കയും അപേക്ഷയുമായി രംഗത്തെത്തിയത്. ചൊവ്വാഴ്ച റോഡിന്റെ നിർമ്മാണോദ്ഘാടനം നടക്കും.
റോഡ് തകർക്കാത്ത വിധം മുൻകൂർ ആസൂത്രണത്തോടെ പദ്ധതി നടപ്പാക്കണമെന്നും ആവശ്യമുയർന്നു. സിറ്റി ഗ്യാസ്, കുടിവെള്ള ലൈനുകൾ തുടങ്ങിയവയ്ക്കൊപ്പം വൈദ്യുതി, കേബിൾ ലൈനുകളും ഭൂമിക്കടിയിലൂടെയാക്കുന്ന പദ്ധതികൾ കാലേക്കൂട്ടി ആസൂത്രണം ചെയ്താൽ റോഡിന്റെ ആയുസ് വർദ്ധിപ്പിക്കാനാകും. നിലവിൽ കുടിവെള്ള ലൈൻ പോകുന്നുണ്ട്. കൂടാതെ, റോഡിൽ ഫയർ ഹൈഡ്രന്റുകൾ സ്ഥാപിക്കണമെന്നും ജലനിർഗമന മാർഗങ്ങൾ ഒരുക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു.
മുൻകൂർ ആസൂത്രണം വേണം
ഭൂഗർഭ പ്രവൃത്തികൾ മുൻകൂർ പൂർത്തിയാക്കണം
വീതി കൂട്ടി നടപ്പാത പണിയണം
പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തണം
അപകടകരമായ കുഴികളും ബോർഡുകളും നീക്കംചെയ്യണം
അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കണം
ഗതാഗതം സുഗമമാക്കാൻ റോഡിലെ അപകടകരമായ തടസങ്ങളും കുഴികളും ബോർഡുകളും ഏച്ചുകെട്ടലുകളും നീക്കം ചെയ്യണം
- തോമസ് മത്തായി കരിക്കംപള്ളിൽ, പ്രസിഡന്റ്, തത്തംപള്ളി റസിഡന്റ്സ് അസോസിയേഷൻ