fh

ആലപ്പുഴ; കൊയ്ത്ത് പൂർത്തിയായ നാല് പാടശേഖരങ്ങളിലായി കൂടിക്കിടക്കുന്നത് 75 ലോഡ് (7500 ടൺ ) നെല്ല്. സംഭരിക്കാനായി ചുമതലപ്പെടുത്തിയിട്ടുള്ളത് ഒരു മില്ലിനെയും. മഴഭീഷണി ഒഴിയാതിരിക്കെ കർഷകരുടെ നെഞ്ചിടിപ്പ് കൂട്ടുന്നത് ഇതാണ്.

എങ്കിലും രണ്ടാഴ്ചയോളം വഴിവക്കിൽ മഴയേറ്റ് കിടന്ന നെല്ല് ഇന്നലെ മുതൽ സംഭരിക്കപ്പെട്ടു തുടങ്ങിയത് ആശ്വാസം പകരുന്നു. ജില്ലയിലെ കൊയ്ത്ത് പൂർണമാകുന്നതോടെ ആകെ സംഭരിക്കേണ്ടി വരിക നാൽപ്പതിനായിരം ടണ്ണോളം നെല്ലാകും. നിലവിൽ സംഭരണത്തിന് തയ്യാറായി എത്തിയിരിക്കുന്ന ഒരു മില്ലുകാരെ കൊണ്ട് സംഭരണം പൂർത്തിയാക്കാവില്ലെന്ന് ഉദ്യോഗസ്ഥർക്കുമറിയാം.

കാലടി ആസ്ഥാനമായ അമിലോസ് മില്ലിനാണ് നിലവിൽ സംഭരണത്തിന് അനുമതിയുള്ളത്. ഇന്നലെ രാവിലെ ഭക്ഷ്യമന്ത്രിയുടെയും കൃഷിമന്ത്രിയുടെയും നേതൃത്വത്തിൽ ഓൺലൈനായി നടന്ന യോഗത്തിലാണ് ജില്ലയിലെ നെല്ല് അടിയന്തരമായി സംഭരിക്കാൻ തീരുമാനമായത്. സപ്ലൈകോയുമായി വെള്ളിയാഴ്ച കരാർ ഒപ്പിട്ട കാലടി അമിലോസ് മില്ലിനോട് നെടുമുടി വള്ളുവൻകാട് , പൂന്തുരം പാടശേഖരങ്ങളിലെ നെല്ല് സംഭരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഉച്ചയോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി വൈകുന്നേരം മുതലാണ് സംഭരണം ആരംഭിച്ചത്. ആദ്യദിനം പരമാവധി ഏഴ് ടൺ നെല്ല് സംഭരിച്ചിരിക്കണമെന്നാണ് അധികൃതർ നിർദ്ദേശിച്ചത്.

സംഭരണത്തിന് ഒറ്റ മില്ല് മാത്രം

1.കൂടുതൽ മില്ലുടമകളെ സംഭരണത്തിന് നിയോഗിക്കാൻ കഴിഞ്ഞില്ലെങ്കിൽ സർക്കാർ നേരിട്ട് സംഭരണം നടത്തുമെന്ന മന്ത്രിയുടെ പ്രസ്താവനയിലാണ് കർഷകരുടെ പ്രതീക്ഷ

2. മില്ലുടമകളുടെ സംഘടനകൾ പല ആവശ്യങ്ങളുന്നയിച്ച് സംഭരണത്തിൽ നിന്ന് വിട്ടുനിൽക്കുന്നതാണ് കർഷകരുടെ നെഞ്ചിടിപ്പ് കൂട്ടുന്നത്

3. ദിവസങ്ങൾ നീണ്ട പ്രതിസന്ധിക്കൊടുവിൽ ഇന്നലെ വൈകുന്നേരം മുതലാണ് ജില്ലയിൽ നെല്ല് സംഭരണം ആരംഭിക്കാനായത്

4.. വരും ദിവസങ്ങളിൽ കരുവാറ്റ ഈഴഞ്ചേരി വെസ്റ്റ്, പരിയക്കാടൻ സമിതി എന്നീ പാടശേഖരങ്ങളിലെ നെല്ല് സംഭരിക്കും

നിലവിൽ കെട്ടികിടന്നിരുന്നത് :

75 ലോഡ്

ഇന്നലെ സംഭരിക്കാൻ നിർദ്ദേശം നൽകിയത്

7 ലോഡ്

മന്ത്രിമാർ പങ്കെടുത്ത അടിയന്തര യോഗത്തിലാണ് സംഭരണം ആരംഭിക്കാൻ നിർദ്ദേശം ലഭിച്ചത്. ഇന്നലെ രണ്ട് പാടശേഖരങ്ങളിൽ സംഭരണം ആരംഭിക്കാനായി

- പാഡി വിഭാഗം ഉദ്യോഗസ്ഥർ