പൂച്ചാക്കൽ:നാല് ദിവസങ്ങളിലായി നടക്കുന്ന തുറവൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഇന്ന് മുതൽ ആറ് വരെ ശ്രീകണ്ഠേശ്വരം എസ്. എച്ച്. എസ് സ്കൂളിൽ എട്ട് വേദികളിലാണ് കലോത്സവം നടക്കുന്നത്. എൽ.പി, യു.പി,എച്ച്.എസ്, എച്ച് എസ്.എസ് വിഭാഗങ്ങളിലായി 322 ഇനങ്ങളിൽ 4626 കുട്ടികൾ പങ്കെടുക്കും. കലോത്സവത്തിന്റെ വിജയത്തിനായി പാണാവള്ളിപഞ്ചായത്ത് പ്രസിഡന്റ് രാഗിണി രമണൻ (ചെയർപേഴ്സൺ), എസ് .എൻ .എച്ച് .എസ്.എസ്, വി.എച്ച്.എസ്.ഇ വിഭാഗം പ്രിൻസിപ്പൽ ബിന്ദു ആർ (ജനറൽ കൺവീനർ), ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ ഹെലൻ കുഞ്ഞ്കുഞ്ഞ് (ട്രഷറർ), സോണി പവേലിൽ ( കൺവീനർ)എന്നിവർ നേതൃത്വം നൽകുന്ന 51 അംഗ ജനറൽ കമ്മിറ്റിയും 12 സബ് കമ്മിറ്റിയും രൂപീകരിച്ചു. ഇന്ന് വൈകിട്ട് നാലിന് ദലീമ ജോജോ എം.എൽ.എ കലോത്സവം ഉദ്ഘാടനം ചെയ്യും. പാണാവള്ളി പഞ്ചായത്ത് പ്രസിഡന്റ് രാഗിണി രമണൻ അദ്ധ്യക്ഷയാകും. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ടെൽഷ്യ മുഖ്യാതിഥിയാകും. ആറിന് വൈകിട്ട് അഞ്ചിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എൻ.എസ്.ശിവ പ്രസാദ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. പാണാവള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഇ കുഞ്ഞുമോൻ അദ്ധ്യക്ഷനാകും. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.ആർ രജിത സമ്മാനദാനം നടത്തും. തുറവൂർ എ. ഇ. ഒ ഹെലൻ കുഞ്ഞുകുഞ്ഞ്, സോണി പവേലിൽ, ബിന്ദു ആർ ശ്രീനിലയം, അജയൻ കെ.ആർ, മാലിനി, വിവേക് കെ.എസ്, ജെറോം ജോസ്, വിനോദ്, സരിത ഭരതൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.