
ആലപ്പുഴ: കൊല്ലം,ആലപ്പുഴ,കൊച്ചി എന്നിവിടങ്ങളിൽ ഹിറ്റായ വേഗ,സീ കുട്ടനാട്,സീ അഷ്ടമുടി,ഇന്ദ്ര എന്നീ ടൂറിസം ബോട്ടുകൾക്ക് പിന്നാലെ ജലഗതാഗത വകുപ്പിന്റെ കറ്റാമറൈൻ ബോട്ട് മാർച്ചിൽ കണ്ണൂരിലെ പറശ്ശിനിക്കടവിലെത്തും. ആലപ്പുഴ അരൂരിലെ പ്രാഗ മറൈനിൽ ബോട്ടിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്.
120 പേർക്ക് സഞ്ചരിക്കാവുന്ന ബോട്ട് വിപുലമായ സൗകര്യങ്ങളോടെയാണ് തയാറാക്കുന്നത്. വോൾവോ ബസുകൾക്ക് സമാനമായി കാഴ്ചകൾ ആസ്വദിക്കാൻ മുകളിൽ നിന്ന് സീറ്റ് വരെ നീളുന്ന ചില്ല് ജനാലകളുമുണ്ട്. ഇത് ബോട്ടിലെ കൂളിംഗ് ശേഷി വർദ്ധിപ്പിക്കും. കുടുംബശ്രീ ഭക്ഷണശാലയ്ക്ക് പുറമേ കോഫി വെൻഡിംഗ് മെഷീനടക്കം സ്ഥാപിച്ച കഫറ്റീരിയുമുണ്ട്. സാധാരണ ടോയ്ലറ്റിന് പുറമേ പ്രത്യേക യൂറിനലുകളും സ്ഥാപിക്കും. പറശ്ശിനിക്കടവിൽ നിലവിലെ ടൂറിസം ബോട്ടിന് പുറമേയാണിത്.
നിർമ്മാണച്ചെലവ്
രണ്ടര കോടി
രണ്ടര കോടി രൂപയാണ് കറ്റാമറൈൻ ബോട്ടിന്റെ നിർമ്മാണച്ചെലവ്. 120 സീറ്റുകളുള്ള ബോട്ടിൽ 40 എണ്ണം എയർ കണ്ടീഷൻ സംവിധാനത്തിൽ. വേഗ ബോട്ടിന് സമാനമായി 22 മീറ്റർ നീളത്തിലും 7.5 മീറ്റർ വീതിയിലുമാണ് നിർമ്മിക്കുന്നത്. 12 നോട്ടിക്കൽ മൈലാണ് വേഗത. എ.സി സീറ്റിന് 600 രൂപയും (ഒരു വശത്തേക്ക് 300),നോൺ എ.സിക്ക് 400രൂപയുമാകും (ഒരു വശത്തേക്ക് 200) നിരക്ക്.