mukkam-valel-bund

മാന്നാർ: ആറു മാസമായി നിലച്ച മുക്കം വാലേൽ ബണ്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. അപ്പർ കുട്ടനാടിന്റെ കാർഷികാഭിവൃദ്ധിക്ക് കരുത്തേകുന്ന മുക്കം വാലേൽ ബണ്ടിന്റെ നിർമ്മാണം പുനരാരംഭിച്ചതോടെ നെൽകർഷകരിൽ നിലനിന്നിരുന്ന ആശങ്കകൾ ഒഴിഞ്ഞു. ആറു മാസമായി നിലച്ച നിർമ്മാണ പ്രവർത്തനങ്ങൾ അടുത്ത കൃഷിഒരുക്കമായിട്ടും പുനരാരംഭിക്കാത്തത് നെൽ കർഷകരെ ഏറെ പ്രതിസന്ധിയിലാക്കിയിരുന്നു. മന്ത്രി സജി ചെറിയാന്റെ നിരന്തര ഇടപെടലുകളിലൂടെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചത്. കുരട്ടിശ്ശേരിയിലെ നാലുതോട്, കുടവള്ളാരി-എ, കുടവള്ളാരി-ബി, കണ്ടങ്കേരി, വേഴത്താർ, അരിയോടിച്ചാൽ, ഇടപ്പുഞ്ച കിഴക്ക്, പടിഞ്ഞാറ് എന്നിങ്ങനെ 7 പാടശേഖരങ്ങളുടെ പുറംബണ്ടിലൂടെയാണ് 5500 മീറ്റർ നീളമുള്ള മുക്കം-വാലേൽ ബണ്ട് കടന്നുപോകുന്നത്. മന്ത്രി സജി ചെറിയാന്റെ ശ്രമഫലമായി സംസ്ഥാന സർക്കാർ അനുവദിച്ച് നബാർഡിൽ നിന്നുമുള്ള 5.70 കോടിരൂപ ചെലവഴിച്ച് നിർമ്മിക്കുന്നതാണ് 5.5 കി.മീറ്റർ നീളം വരുന്ന മുക്കം-വാലേൽ ബണ്ട് റോഡ്. നിർമാണം പൂർത്തിയാകുന്നതോടെ നേരത്തേ കൃഷിയാരംഭിക്കാനുള്ള സാഹചര്യം ഒരുങ്ങുന്നതിനോടൊപ്പം നെൽക്കൃഷിയുടെ വിളവെടുപ്പ് ഇരട്ടിയാവുകയും രണ്ടാംകൃഷി ചെയ്യാനും കഴിയും. കുരട്ടിശ്ശേരി പാടശേഖരങ്ങളോടുചേർന്നുള്ള ചെന്നിത്തല, പള്ളിപ്പാട്, ഹരിപ്പാട് പാടശേഖരങ്ങൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും.

.............

#ഇഴഞ്ഞും നിലച്ചും നിർമ്മാണം

1. കർഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം 2023 നവംബറിൽ മന്ത്രി പി.പ്രസാദാണ് മുക്കം - വാലേൽ ബണ്ടിന്റെ നിർമ്മാണോദ്‌ഘാടനം നിർവഹിച്ചത്.

2. നിർമ്മാണം രണ്ട് വർഷം എത്തുമ്പോൾ 1.5 കി.മീ ദൂരത്തിൽ മാത്രമാണ് ബണ്ടിന്റെ ഉയരം കൂട്ടാനും സംരക്ഷണ ഭിത്തികെട്ടാനും കഴിഞ്ഞത്.

3.അഞ്ച് കലുങ്കുകൾ നിർമ്മിക്കേണ്ട പദ്ധതിയിൽ മീൻകുഴിവേലി, വട്ടപണ്ടാരി എന്നീ കലുങ്കുകൾ മാത്രമാണ് നിർമ്മാണം പൂർത്തീകരിച്ചത്.

4. മഴയും വെള്ളപ്പൊക്കവും നിർമ്മാണ പ്രവർത്തനങ്ങളെ പലപ്പോഴും ബാധിച്ചു.

.................

ചെങ്ങന്നൂർ തരിശ് രഹിതമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സമൃദ്ധി പദ്ധതിയുടെ ഭാഗമായി 1550 ൽ അധികം ഏക്കർ പാടത്ത് രണ്ടു വിളവ് കൊയ്യാൻ പറ്റുന്ന തരത്തിൽ മുക്കം - വാലേൽ ബണ്ട് റോഡ് നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കും. ആവശ്യമെങ്കിൽ കൂടുതൽ ഫണ്ട്‌ അനുവദിക്കും

- മന്ത്രി സജി ചെറിയാൻ